Site icon Janayugom Online

ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിക്കുന്നു

UPI

ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിക്കാന്‍ ആര്‍ബിഐ തീരുമാനം. രാജ്യത്ത് യുപിഐയ്ക്കുള്ള വ്യാപക സ്വീകാര്യത ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിപ്പിക്കുന്നതിനും സഹായകരമാവുമെന്നാണ് കേന്ദ്ര ബാങ്കിന്റെ പ്രതീക്ഷ. നിലവില്‍ ഡെബിറ്റ് കാര്‍ഡുകളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും മാത്രമേ യുപിഐ ബന്ധിപ്പിക്കാന്‍ കഴിയൂ.
ക്രെഡിറ്റ് കാര്‍ഡ് യുപിഐയുമായി ബന്ധിപ്പിക്കാനുള്ള നടപടി റുപേ ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നായിരിക്കും ആരംഭിക്കുകയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസി ഐ)യാണ് റുപേ നെറ്റ്‌വര്‍ക്കും യുപിഐയും നിയന്ത്രിക്കുന്നത്. പിന്നീട് സേവനം വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയിലും ലഭ്യമാകും. 

പുതിയ നീക്കം രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റിന്റെ വ്യാപ്തി വര്‍ധിപ്പിക്കുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു. രാജ്യത്ത് ജനപ്രിയ ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയായി യുപിഐ മാറിയിട്ടുണ്ട്. ഏകദേശം 26 കോടി ഉപയോക്താക്കളും 50 ദശലക്ഷം ബിസിനസുകാരും യുപിഐ ഉപയോഗിക്കുന്നതായാണ് കണക്കുകള്‍. മേയില്‍ 10 ലക്ഷം കോടി രൂപ മൂല്യം വരുന്ന 595 കോടി ഇടപാടുകളാണ് യുപിഐ കൈകാര്യം ചെയ്തിരിക്കുന്നത്.
അതേസമയം ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആര്‍) എങ്ങനെ ബാധകമാക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടില്ല. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ മുഖേന ഉപഭോക്താക്കളില്‍നിന്ന് പണം സ്വീകരിക്കുന്നതിന് വ്യാപാരിയില്‍നിന്നു ബാങ്ക് ഈടാക്കുന്ന നിരക്കാണ് എംഡിആര്‍. അതേസമയം യുപിഐയും റുപേയും എംഡിആര്‍ രഹിതമാണ്. യുപിഐ ഇടപാടുകള്‍ക്ക് നിരക്കുകളൊന്നും ബാധകമല്ല. ഇതുതന്നെയാണ് ഉപയോക്താക്കളും വ്യാപാരികളും യുപിഐ വിപുലമായി ഉപയോഗിക്കാനുള്ള പ്രധാന കാരണം. 

ഒടിപി ഇല്ലാതെയുള്ള ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് പെയ്മെന്റ് പരിധി ആര്‍ബിഐ വര്‍ധിപ്പിച്ചു. ഓട്ടോ ഡെബിറ്റ് പരിധി 5,000 രൂപയിൽ നിന്ന് 15,000 രൂപയായിട്ടാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ ഉപഭോക്താക്കൾക്ക് ഒടിപി ഇല്ലാതെ 15,000 രൂപ വരെയുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കും.

Eng­lish Sum­ma­ry: Cred­it cards are linked to UPI

You may like this video also

Exit mobile version