സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്യൂസിനെ മുഖ്യ എതിരാളിയായ യുബിഎസ് ഗ്രൂപ്പ് ഏറ്റെടുത്തു. സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരിന്റെ തിരക്കിട്ട നീക്കത്തിനൊടുവിലാണ് യുബിഎസ് ബോര്‍ഡിന് എതിര്‍പ്പുണ്ടായിരുന്നിട്ടും ഏറ്റെടുക്കല്‍ നടപ്പാക്കിയത്. 26,456 കോടി രൂപയുടെ ഓഹരികള്‍ യുബിഎസ് ഏറ്റെടുത്തു. ഭാവിയിലെ പ്രശ്നങ്ങള്‍ നേരിടാന്‍ യുബിഎസിന് 80,000 കോടി രൂപയുടെ സര്‍ക്കാര്‍ ഗാരന്റിയും നല്‍കിയിട്ടുണ്ട്. സ്വിറ്റ്സര്‍ലന്‍ഡിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കാണ് ക്രെഡിറ്റ് സ്യൂസ്. ഏറ്റവും പ്രൊഫഷണലായ ബാങ്കിങ് മേഖല എന്ന സ്വിസ് ബാങ്കുകളുടെ വിശ്വാസത്തിന് ക്രെഡിറ്റ് സ്യൂസിന്റെ തകര്‍ച്ച മങ്ങലേല്‍പിച്ചു. ആഗോളതലത്തില്‍ പലിശനിരക്കുകളില്‍ ഉണ്ടായ വര്‍ധനയാണ് ക്രെഡിറ്റ് സ്യൂസിനും വിനയായത്.
അതേസമയം, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ സിഗ്നേച്ചര്‍ ബാങ്കിനെ ന്യൂയോര്‍ക്ക് കമ്മ്യൂണിറ്റി ബാങ്ക് ഏറ്റെടുക്കും. 270 കോടി നല്‍കിയാണ് ബാങ്കിനെ സ്വന്തമാക്കുന്നത്. സിഗ്നേച്ചറിന്റെ 40 ഓളം ശാഖകള്‍ ന്യൂയോര്‍ക്ക് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഫ്ലാഗ്സ്റ്റാറിന്റെ ഭാഗമാകും. മിച്ചമുള്ള 60 ദശലക്ഷം ഡോളര്‍ ഓഹരികള്‍ വിറ്റഴിയുന്നതുവരെ റിസീവറുടെ നിയന്ത്രണത്തില്‍ തുടരുമെന്ന് ഫെഡറല്‍ ഡൊപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ഏകദേശം 11,000 കോടിയാണ് സിഗ്നേച്ചര്‍ ബാങ്കിന്റെ ആസ്തി. സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെയാണ് സിഗ്നേച്ചര്‍ ബാങ്കും അടച്ചുപൂട്ടിയത്. സിലിക്കണ്‍ വാലി ബാങ്കിന്റെ ബ്രിട്ടീഷ് ശാഖ എച്ച്എസ്ബിസി ഏറ്റെടുത്തിരുന്നു.
English Summary;Credit Suisse was acquired by UBS Group
You may also like this video