രാജ്യത്തെ 44 ശതമാനം എംഎല്‍എമാരുടെ പേരിലും ക്രിമിനല്‍ കുറ്റം നിലനില്‍ക്കുന്നതായി അസോസിയേഷൻ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) റിപ്പോര്‍ട്ട്. സത്യവാങ്മൂല വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
28 സംസ്ഥാന നിയമസഭകളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4,003 എംഎല്‍എമാരില്‍ 4,001 പേരെ വിശകലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 1,136 പേര്‍ക്ക് (28 ശതമാനം) കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെയുള്ള ഗുരുതര ക്രിമിനല്‍ കുറ്റം ഉള്ളതായി സാക്ഷ്യപ്പെടുത്തുന്നു. കേരളത്തില്‍ 135 എംഎല്‍എമാരില്‍ 95 പേരുടെ (70 ശതമാനം) മേല്‍ ക്രിമിനല്‍ക്കുറ്റം നിലനില്‍ക്കുന്നു. ബിഹാറില്‍ 242ല്‍ 161 പേരും(67 ശതമാനം) ഡല്‍ഹിയില്‍ 70 പേരില്‍ 44 പേരും (63 ശതമാനം) ക്രിമിനല്‍ കുറ്റം നേരിടുന്നു.
ഡല്‍ഹിയില്‍ 70 എംഎല്‍എമാരില്‍ 44 പേര്‍ (63 ശതമാനം), മഹാരാഷ്ട്രയില്‍ 284 175 എംഎല്‍എമാര്‍ (62 ശതമാനം), തെലങ്കാനയിലെ 118 എംഎല്‍എമാരില്‍ 72 പേര്‍ (61 ശതമാനം), തമിഴ്‌നാട്ടിലെ 224 എംഎല്‍എമാരില്‍ 134 പേര്‍ (60 ശതമാനം) തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. 114 എംഎല്‍എമാര്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഉള്ളവരാണ്. ഇതില്‍ 14 പേര്‍ക്കെതിരെ പീഡന നിയമം (ഐപിസി വകുപ്പ് 376) ചുമത്തി കേസുകളുണ്ട്.
ശരാശരി ആസ്തി 13.63 കോടി
*കേരളത്തില്‍ 135 കോടീശ്വരന്മാര്‍
ഒരു എംഎല്‍എയുടെ ശരാശരി ആസ്തി 13.63 കോടി രൂപയാണ്. എന്നാല്‍ ക്രിമിനല്‍ കുറ്റകൃത്യം നിലനില്‍ക്കുന്നു എന്ന് കണ്ടെത്തിയ എംഎല്‍എമാരുടെ ശരാശരി ആസ്തി 16.36 കോടിക്ക് മുകളിലാണ്. ക്രിമിനല്‍ കേസ് ഇല്ലാത്തവര്‍ക്ക് ഇത് 11.45 കോടിയും.
ആസ്തി അടിസ്ഥാനത്തിലെ സംസ്ഥാനങ്ങളുടെ കണക്കില്‍ കര്‍ണാടകയാണ് മുൻപന്തിയില്‍. അവിടെ 223 എംഎല്‍എമാരുടെ ശരാശരി ആസ്തി 64.39 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശില്‍ 174 എംഎല്‍എമാര്‍ക്ക് ശരാശരി 28.24 കോടി. മഹാരാഷ്ട്രയില്‍ 284 എംഎല്‍എമാര്‍ക്ക് 23.51 കോടി എന്നിങ്ങനെയും കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കുറവ് ത്രിപുരയിലാണ്. 59 എംഎല്‍എമാര്‍ക്ക് ശരാശരി 1.54 കോടി രൂപ. തൊട്ടടുത്ത സ്ഥാനമുള്ള പശ്ചിമബംഗാളില്‍ 293 എംഎല്‍എമാര്‍ക്ക് 2.80 കോടിയും കേരളത്തില്‍ 135 എംഎല്‍എമാര്‍ക്ക് 3.15 കോടി രൂപയുമാണ് ശരാശരി ആസ്തി.
—————
100 കോടിക്ക് മുകളില്‍ 88 പേര്‍
4001 എംഎല്‍എമാരുടെ വിവരങ്ങള്‍ പരിശോധിച്ചതില്‍ 88പേര്‍(രണ്ട് ശതമാനം) 100കോടിക്ക് മുകളില്‍ ആസ്തി ഉള്ളവരാണ്. ശതകോടീശ്വരന്മാരുടെ എണ്ണത്തിലും കര്‍ണാടക തന്നെയാണ് മുന്നില്‍. 223പേരില്‍ 32 പേര്‍. അരുണാചല്‍ പ്രദേശ് 4/59(ഏഴ് ശതമാനം), ആന്ധ്രാ പ്രദേശ് 10/176(ആറ് ശതമാനം) എന്നിങ്ങനെയാണ് ശതകോടീശ്വരന്മാര്‍. മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും 100കോടിക്ക് മുകളില്‍ ആസ്തിയുള്ള എംഎല്‍എമാരുണ്ട്.
english summary; Criminal cases against 44 percent MLAs
you may also like this video;