Site icon Janayugom Online

ക്രിമിനല്‍ നിയമഭേദഗതി: ഇന്ത്യ സഖ്യം കോടതിയിലേക്ക്

criminal

ക്രിമിനല്‍ നിയമഭേദഗതിയില്‍ മാറ്റം വരുത്തി പാസാക്കിയ മൂന്നു ബില്ലുകള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷ സഖ്യം ഇന്ത്യ. ഭാരതീയ ന്യായ സംഹിത (രണ്ട്), ഭാരതീയ നാഗരിക് സുരക്ഷ സംഹിത (രണ്ട്), ഭാരതീയ സാക്ഷ്യ അധീനിയം(രണ്ട്) എന്നിവയ്ക്കെതിരെയാണ് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. 

ബില്ലിലെ പല വ്യവസ്ഥകളും കിരാതവും ജനവിരുദ്ധവുമാണെന്ന് ബോധ്യപ്പെടുത്താനാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് ഇന്ത്യ നേതാക്കള്‍ അറിയിച്ചു. മൂന്നു വിവാദ ബില്ലുകളിലെയും പല വ്യവസ്ഥകളും രാജ്യത്തെ പൊലീസ് രാജിന് കീഴിലാക്കുമെന്ന് കോണ്‍ഗ്രസ് എംപി മനീഷ് തീവാരി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
വിവാദ ബില്ലുകള്‍ ചര്‍ച്ചയും എതിരഭിപ്രായവും ഇല്ലാതെ പാസാക്കുന്നതിനു വേണ്ടിയാണ് പാര്‍ലമെന്റില്‍ നിന്ന് പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പുറത്താക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്സില്‍ കുറിച്ചു. ബില്ലിലെ വിയോജനക്കുറിപ്പും വിരുദ്ധാഭിപ്രായവും പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല എന്നുള്ളതിന്റെ സൂചനയായിരുന്നു എംപിമാരുടെ പുറത്താക്കല്‍.
മുതിര്‍ന്ന നിയമജ്ഞരും എംപിമാരുമായ പി ചിദംബരം, അഭിഷേക് സിംഘ്‌വി, മനീഷ് തിവാരി എന്നിവരെ ക്രിമിനല്‍ നിയമഭേദഗതി ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നതാണ്. ഇതെല്ലം മുന്‍കൂട്ടികണ്ടാണ് പ്രതിപക്ഷ ബെഞ്ചിനെ ഒന്നടങ്കം പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയതെന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കു വെല്ലുവിളി ഉയര്‍ത്തുകയോ വെല്ലുവിളിക്കുള്ള സാധ്യതയുണ്ടെന്നു തോന്നുകയോ ചെയ്താലും ഭീകരവാദ പ്രവര്‍ത്തനമായി കാണണമെന്ന പുതിയ വ്യവസ്ഥ അടക്കം ബില്ലിലുണ്ട്. പൊതുസേവകരെ കൊലപ്പെടുത്തുന്നത് ഭീകരവാദ കുറ്റമാകും. ചികിത്സപ്പിഴവിനെത്തുടര്‍ന്ന് രോഗിമരിച്ചാല്‍ ഡോക്ടര്‍ക്കെതിരേ ക്രിമിനല്‍ക്കുറ്റം ചുമത്തില്ലെന്നതടക്കമുള്ള മാറ്റങ്ങളും ബില്ലിലുണ്ട്. 

Eng­lish Sum­ma­ry: Crim­i­nal Law Amend­ment: India Coali­tion to Court

You may also like this video

Exit mobile version