Site icon Janayugom Online

ക്രിമിനല്‍ നിയമ ഭേദഗതി: പുതിയ ബില്ലുകള്‍ സഭയില്‍

ഏറെ വിവാദമായ ക്രിമിനല്‍ നിയമഭേദഗതി ബില്ലുകള്‍ പിന്‍വലിച്ച് പുതിയവ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഭാരതീയ ന്യായ (രണ്ട്) സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ (രണ്ട്) സംഹിത, ഭാരതീയ സാക്ഷ്യ അധിനയം(രണ്ട് ) എന്നിങ്ങനെയാവും പുതിയ ബില്ലുകള്‍ അറിയപ്പെടുകയെന്ന് ബില്ലുകള്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് മാസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ക്രിമിനല്‍ നിയമഭേദഗതി ബില്ലുകള്‍ തുടര്‍ചര്‍ച്ചകള്‍ക്കായി പാര്‍ലമന്ററി സമിതിക്ക് വിട്ടിരുന്നു. പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പോടെ ഈമാസം നാലിന് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ച ബില്ലുകളാണ് കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. പാര്‍ലമെന്ററി സമിതി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിനാണ് നിര്‍ദിഷ്ട ബില്ലുകള്‍ പിന്‍വലിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. 

നിര്‍ദിഷ്ട ബില്ലിലെ വ്യാകരണത്തെറ്റുകള്‍ തിരുത്തുന്നതിനും അഞ്ച് പ്രധാന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിനും വേണ്ടിയാണ് ബില്ലുകള്‍ പിന്‍വലിച്ചതെന്ന് ആഭ്യന്തര മന്ത്രി വിശദീകരിച്ചു. ഈമാസം 14 മുതല്‍ ബില്ലുകളില്‍ 12 മണിക്കൂര്‍ ചര്‍ച്ച നടത്തുമെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിക്ക് ആഭ്യന്തര മന്ത്രി ഉറപ്പ് നല്‍കി. 1860 ലെ ഇന്ത്യന്‍ പീനല്‍ കോഡ് , 1872 ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്ട്, 1898 ലെ കോഡ് ഓഫ് ക്രിമിനല്‍ പ്രോസിജീയര്‍ കോഡ് എന്നിവയ്ക്ക് പകരമാണ് പുതിയ ബില്ലുകള്‍.
നിയമപരിഷ്കാരങ്ങള്‍ പലതും ദേശദ്രോഹപരവും, നീതിന്യായ സംവിധാനത്തിന്റെ ശക്തി കുറയ്ക്കുന്ന വിധത്തിലുമാണെന്ന് പ്രതിപക്ഷം ബില്ലിന്റെ ചര്‍ച്ചാ വേളയിലും പാര്‍ലമെന്ററി സമിതിയിലും ചൂണ്ടിക്കാണിച്ചിരുന്നു. 

Eng­lish Sum­ma­ry; Crim­i­nal Law Amend­ment: New Bills in House
You may also like this video

Exit mobile version