Site iconSite icon Janayugom Online

പ്രതിസന്ധി അകലുന്നു: ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി ഉടൻ

hotelhotel

സർക്കാർ വാഗ്ദാനം ചെയ്ത സബ്സിഡി തുക ജനകീയ ഹോട്ടലുകൾക്ക് ഉടൻ ലഭ്യമാകും. 60 കോടി രൂപയായിരുന്നു കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഒരു വർഷത്തെ നടത്തിപ്പിന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നത്. ഇതിൽ 30 കോടി രൂപയാണ് ഇതുവരെ അനുവദിച്ചിരുന്നത്. ബാക്കിയുള്ള 30 കോടി ഉടൻ നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്താകെ 1198 ജനകീയ ഹോട്ടലുകളാണ് ഉള്ളത്. ഏറ്റവും കൂടുതൽ ജനകീയഹോട്ടലുകൾ ഉള്ളത് മലപ്പുറത്താണ്. കുറവ് കാസർകോടും. ഇതിൽ ഉച്ചയ്ക്ക് 20 രൂപയുടെ ഊണ് മാത്രം ഉള്ള ഹോട്ടലുകളുടെ നിലനിൽപ്പാണ് സബ്സിഡി മുടങ്ങിയപ്പോൾ പ്രതിസന്ധിയിലായത്. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും നൽകുന്ന ജനകീയ ഹോട്ടലുകളെ ഈ പ്രതിസന്ധി ബാധിച്ചിരുന്നില്ല. 

വിശപ്പ് രഹിത കേരളം ലക്ഷ്യമാക്കി 2020–21 ലെ ബഡ്ജറ്റിലാണ് ജനകീയ ഹോട്ടൽ പദ്ധതി പ്രഖ്യാപിച്ചത്. മൂന്നുമാസമായി പുതിയ ഹോട്ടലുകളൊന്നും അനുവദിച്ചിട്ടില്ല. അനിവാര്യമെങ്കിൽ മാത്രം അനുവദിച്ചാൽ മതിയെന്നാണ് ധനകാര്യവകുപ്പിന്റെ നിർദ്ദേശം. 50 മുതൽ 2500 ഊണ് വരെയാണ് ജനകീയ ഹോട്ടലുകളിലെ പ്രതിദിന വിൽപ്പന. മൂന്ന് മുതൽ 30 വരെ കുടുംബശ്രീ പ്രവർത്തകർ ഓരോ ഹോട്ടലിന്റേയും അണിയറയിലുണ്ട്. 20 രൂപയ്ക്ക് ഊണ് കൊടുക്കുമ്പോൾ പത്ത് രൂപ സർക്കാർ നൽകുമെന്നാണ് വ്യവസ്ഥ. 

അയ്യായിരത്തോളം സ്ത്രീകൾക്ക് ഉപജീവനമാർഗവുമാണ് ജനകീയ ഹോട്ടലുകള്‍. തദ്ദേശ സ്ഥാപനങ്ങളാണ് ഹോട്ടൽ പ്രവർത്തിക്കാനാവശ്യമായ സ്ഥലസൗകര്യവും വെള്ളവും ഉൾപ്പെടെ ഒരുക്കി നൽകുന്നത്. ഊണ് വിൽപ്പന കഴിഞ്ഞ് ക്ലെയിം ചെയ്യുന്നതനുസരിച്ചാണ് കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും തുക അനുവദിക്കുന്നത്. അരിയടക്കം പലവ്യഞ്ജനങ്ങളുടെയും പച്ചക്കറികളുടെയും പാചകവാതകത്തിന്റെയും വില വർധിച്ചതും ജനകീയ ഹോട്ടലുകൾക്ക് കനത്ത തിരിച്ചടിയായി. 20 രൂപയാണ് ഊണിന്റെ വിലയെങ്കിലും ഉണ്ടാക്കാനുള്ള ചെലവ് അതിലേറെയാണ്. ലോക്ഡൗൺ കാലത്തടക്കം പ്രതിസന്ധിഘട്ടങ്ങളിൽ ജനകീയ ഹോട്ടലുകൾ പൊതുജനങ്ങൾക്ക് ഏറെ ആശ്വാസമായിരുന്നു. 

Eng­lish Sum­ma­ry: Cri­sis avert­ing: Sub­sidy for pop­u­lar hotels soon

You may also like this video

Exit mobile version