Site iconSite icon Janayugom Online

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രതിസന്ധി

“ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നു. അതിലെ പൗരന്മാർക്കെല്ലാം, സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതി ഉറപ്പാക്കുന്നു.” “നമ്മുടെ ഈ ഭരണഘടനാ നിർമ്മാണ സഭയിൽ 1949 നവം: 26-ാംതീയതി അവതരിപ്പിച്ചു നിയമമാക്കി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നു.” നമ്മുടെ മഹത്തായ ഭരണഘടനയുടെ ആമുഖപ്രഖ്യാപനം ഉദാത്തമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു. തുടർന്നുള്ള വിവിധ വകുപ്പുകളിൽ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളുടെയും വിവിധ മതങ്ങളുടെയും മൗലികാവകാശങ്ങൾ സുതാര്യമാംവിധം വ്യക്തമാക്കുന്നു. ഇന്ത്യയിലെ പൗരന്മാരുടെ അവകാശങ്ങൾ അക്കമിട്ടു വ്യക്തമാക്കുന്ന ഭരണഘടന ലോകരാജ്യങ്ങൾക്കുതന്നെ മാതൃകയായി അംഗീകരിക്കപ്പെട്ടു. പ്രസ്തുത ഭരണഘടനയിലെ വകുപ്പ് 25, 26 മതസ്വാതന്ത്യ്രത്തിനുള്ള അവകാശം വ്യക്തമാക്കുന്നു. “മനസാക്ഷിക്കും സ്വതന്ത്രമായ മതവിശ്വാസത്തിനും, മതാചരണത്തിനും, മതപ്രചരണത്തിനുമുള്ള സ്വാതന്ത്യ്രം” വ്യവസ്ഥ ചെയ്യപ്പെടുന്നു. ഭരണഘടന നൽകുന്ന ഈ അവകാശങ്ങൾക്കുനേരെ കേന്ദ്ര സർക്കാർ നിരന്തരം കടന്നാക്രമണങ്ങൾ നടത്തുന്ന സംഭവങ്ങളുടെ പരമ്പരകളാണ് റിപ്പോർട്ടു ചെയ്യപ്പെടുന്നത്. പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം പോലും ഒരു രാഷ്ട്രം, ഒരു മതം, ഒരു ഭാഷ എന്നാണ്. ഇത് ഫാസിസ്റ്റ് ആശയമാണ്. ഈ ആശയം ഭരണഘടനാ വിരുദ്ധമാണ്. യൂണിറ്റി ഇൻഡൈവേഴ്സിറ്റി എന്നതാണ് ഭരണഘടനയുടെ ആത്മാവ്. ഈ അടുത്തകാലത്ത് രാജ്യത്തെ ന്യൂനപക്ഷ മതമായ ക്രിസ്ത്യൻ വിഭാഗങ്ങളും അവരുടെ പള്ളികളും കൊടിയ പീഡനങ്ങൾക്കും അതിക്രമങ്ങള്‍ക്കും വിധേയമാകുന്നതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. മോഡിയുടെ ഭരണ തുടക്കത്തിൽ ഒറീസയിലും, അസമിലും, യുപിയിലെ ചില പ്രദേശങ്ങളിലും കന്യാസ്ത്രീമഠങ്ങൾ ആക്രമിക്കപ്പെട്ടു. ക്രിസ്ത്യാനികളുടെ പ്രാർത്ഥനാ കേന്ദ്രങ്ങൾ കൈയേറി. ഇത്തരം സംഭവങ്ങൾക്ക് നേതൃത്വം നല്കുന്നത് ആർഎസ്എസ്, ഹനുമാൻ സേന തുടങ്ങിയ സംഘപരിവാർ സംഘമാണെന്ന് പൊലീസ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഈവിധം വേട്ടയാടപ്പെടുന്നവർക്ക് നീതി ലഭ്യമാക്കാനോ, കൊലപാതകികളായ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനോ ബന്ധപ്പെട്ട ഭരണാധികാരികൾ നടപടികൾ സ്വീകരിക്കുന്നില്ല. ഇന്ത്യയിലെ മതന്യൂനപക്ഷ വിഭാഗത്തിന്റെ ഭാവി അപകടാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സംഭവങ്ങളാണ് നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ 300-ൽപരം ആക്രമണങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. ഇത്തരം മതസംഘട്ടനങ്ങളിലേറെയും യുപി സംസ്ഥാനത്തിലാണെന്ന വസ്തുതയും ശ്രദ്ധേയമാണ്. മതവിദ്വേഷത്തിന്റെ പേരിൽ മനുഷ്യനെ പെരുവഴിയിലിട്ടു ആൾക്കൂട്ടം തല്ലിക്കൊല്ലുന്ന സംഭവം ഉത്തർപ്രദേശിലെ പടിഞ്ഞാറൻ ഗ്രാമത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ടു. കൊലയ്ക്കു വിധേയമായത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ഒരു ദളിതനായിരുന്നു. നീചമായ മറ്റൊരു സംഭവം മുസ്‌ലിം മതത്തിൽപ്പെട്ട മുഹമ്മദ് അഖ്‌ലക് എന്ന യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി നടുറോഡിലിട്ട് ഏതാനും പേർ വെട്ടിക്കൊലപ്പെടുത്തി എന്നതാണ്. പൊലീസ് കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലക്കിന്റെ പേരിൽ ഗോവധത്തിന് കേസെടുത്തു. യുപിയിലെ പൊലീസിന്റെ ഒരു പൊതുനയം കൊലയാളികളെ വെറുതെ വിടുക; കൊല്ലപ്പെട്ടവർക്കെതിരെ കേസെടുക്കുക എന്നതാണ്. സ്വതന്ത്ര ഭാരതത്തിൽ ആദിത്യനാഥ് മുഖ്യമന്ത്രിയായിരിക്കുന്ന യുപി യിലെ പൊലീസ് സ്വീകരിച്ചിട്ടുള്ള നയം ബ്രിട്ടീഷ് ഭരണകാലത്തുപോലും ഉണ്ടായിട്ടില്ലാത്തതാണ്. ബിജെപിക്കും വിശുദ്ധ പശുക്കൾക്കും സംരക്ഷണം നല്കുന്ന പൊലീസ് സ്വതന്ത്ര ഭാരതത്തിനു തന്നെ അപമാനമാണെന്ന് പറയാതെ വയ്യ. ഇരുമ്പു ചങ്ങലകൾ, കുറുവടി, വടിവാൾ തുടങ്ങിയ മാരകായുധങ്ങളുമായി ഗുണ്ടാസംഘങ്ങൾ ക്രിസ്ത്യാനികളുടെ പ്രാർത്ഥനാ കേന്ദ്രങ്ങൾ ആക്രമിക്കുന്നു. പൊലീസ് ആക്രമണകാരികൾക്കും ഇരകൾക്കും എതിരായി കേസെടുക്കുന്നു. മാത്രമല്ല ആക്രമിക്കപ്പെട്ടവർക്കെതിരെ ബലം പ്രയോഗിച്ച് മതപരിവർത്തനം നടത്തുന്നുവെന്ന കുറ്റവും ആരോപിക്കുന്നു. ഇന്ത്യയിലാകെ ഇത്തരം 305 സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. ഇത്തരം ലജ്ജാകരങ്ങളായ സംഭവങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയിലാണെന്ന കാര്യവും ശ്രദ്ധേയമാണ്. പ്രയാഗ് രാജ് (അലഹബാദ്) നോയിഡ, അയോധ്യ, റാംപൂർ, ബരാച്ചി, ലഖിംപുർ ഖേരി തുടങ്ങിയ നിരവധി കേന്ദ്രങ്ങളിലും ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലും ക്രിസ്ത്യാനികളുടെ പള്ളികൾ തകർക്കപ്പെട്ടു. ബജ്റംഗദൾ പ്രവർത്തകർ കൂട്ടംകൂട്ടമായി മാരകായുധങ്ങളുമായി പ്രാർത്ഥനാ കേന്ദ്രങ്ങളിലെത്തുന്നു. പലപ്പോഴും ഈ കൂട്ടരെ സഹായിക്കാൻ ലോക്കൽ പൊലീസും സംരക്ഷകരായി കൂടുന്നു. കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ സ്കൂളിനുനേരെ സംഘടിതമായ ആക്രമണമുണ്ടായത്. പ്രാർത്ഥനയ്ക്കെത്തുന്നവരെ ആക്രമിക്കുക മാത്രമല്ല പുരോഹിതന്മാരെയും ക്രൂരമായ അതിക്രമത്തിന് ഇരയാക്കുന്നു. യാദൃച്ഛികമായി ബജ്‌റംഗ്‌ദൾ പ്രവർത്തകർക്കോ, സംഘപരിവാർ പ്രവർത്തകർക്കോ എതിരായി പൊലീസ് കേസെടുത്താൽ അവരോടൊപ്പം ഇരകളെയും പ്രതികളാക്കി കേസെടുക്കുന്ന വിചിത്രമായ നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. പാസ്റ്ററന്മാരെയും, മൗലവിമാരെയും ആക്രമിക്കുന്നതോടൊപ്പം ബൈബിളും, ഖുറാനും അപമാനിക്കപ്പെടുന്നു. 2021 ഒക്ടോബർ മൂന്നിന് റൂര്‍ക്കിയിലെ ഒരു പ്രാർത്ഥനാലയം 200‑ല്‍പരം പേര്‍ ചേർന്ന് ആക്രമിച്ചു. പള്ളി പൂർണമായും തകർത്തു; ആരാധനാലയത്തിനുള്ളിലെ പീഠങ്ങളും പ്രതിമകളും നശിപ്പിക്കപ്പെട്ടു. അക്രമികളിൽ ഉള്‍പ്പെട്ട ഒരു മധ്യവയസ്കൻ മറ്റൊരാളുടെ സഹായത്തോടെ പള്ളിയിലെ പാസ്റ്ററുടെ മകളെ മാനഭംഗം ചെയ്തു. പള്ളിക്കുള്ളിൽ വച്ചുനടന്ന ഈ ഹീനസംഭവം മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഈ പള്ളി സർക്കാർ പുറമ്പോക്ക് കൈയ്യേറി നിയമ വിരുദ്ധമായി നിർമ്മിച്ചിരിക്കുന്നുവെന്നാണ് ഹിന്ദുമത തീവ്രവാദികളുടെ ആരോപണം. പള്ളിയുടെ ഭാരവാഹികൾ മതിയായ രേഖകൾ സഹിതം പ്രസ്തുത ആരോപണം നിഷേധിച്ചു.


ഇതുകൂടി വായിക്കാം; വേരുകൾ അറ്റുപോയവർ


മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് തങ്ങളെ നിരന്തരം വേട്ടയാടുന്നുവെന്നും, നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തുക പതിവാണെന്നും തങ്ങൾക്ക് സംരക്ഷണം നല്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒക്ടോബർ രണ്ടിന് പൊലീസ് സൂപ്രണ്ടിന് ഹർജി നൽകിയിട്ടും തക്കസമയത്ത് സംരക്ഷണം കിട്ടിയില്ലെന്ന് മാനഭംഗത്തിനു വിധേയയായ പാസ്റ്ററുടെ പുത്രി പറയുന്നു. ക്രിസ്ത്യൻപള്ളികൾ മാത്രമല്ല മുസ്‌ലിം ദേവാലയങ്ങളും പ്രാർത്ഥനാ കേന്ദ്രങ്ങളും നിരന്തരം ആക്രമണങ്ങൾക്കു വിധേയമാകുന്നു. ഗുരുഗ്രാം, ഹരിയാന തുടങ്ങിയ സ്ഥലങ്ങളിൽ “നമാസ്’ എന്ന പ്രാർത്ഥനയ്ക്കായി സർക്കാർ അനുവദിച്ചിട്ടുള്ള സ്ഥലങ്ങൾ ഹിന്ദുമത തീവ്രവാദി സംഘങ്ങൾ കൈയേറി “ഗോവർധൻ’ പൂജനടത്തി. ബിജെപി നേതാവായ കപിൽമിശ്ര പൂജയ്ക്ക് നേതൃത്വം നല്കി. മുസ്‌ലിം മതവിഭാഗങ്ങൾ ദേശീയ പാതയിലെ ഗതാഗതം തടസപ്പെടുത്തിയും, പൊതുസ്ഥലങ്ങൾ കൈയേറിയും വെള്ളിയാഴ്ചകളിൽ “നമാസ്’ അഥവാ ജൂമാ നമസ്കാരം നടത്തുകയും, മതപ്രചരണം നടത്തുകയും ചെയ്യുന്ന രാജ്യദ്രോഹ നടപടികൾ നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് കപിൽമിശ്രയും, വിശ്വഹിന്ദു നേതാവ് സുരേന്ദ്രജെയിനും പൊലീസിനെ സമീപിക്കുക മാത്രമല്ല അവർ ഹിന്ദുമത തീവ്രവാദികളെ സംഘടിപ്പിച്ച് പ്രർത്ഥനയ്ക്കായി ജില്ലാ ഭരണാധികാരികൾ മുസ്‌ലിങ്ങൾക്ക് അനുവദിച്ചുനൽകിയ സ്ഥലങ്ങളിൽ കടന്നുകയറി ഗോവര്‍ധന പൂജയും നടത്തി. പ്രകോപനപരമായ പ്രഭാഷണങ്ങളും, മുദ്രാവാക്യാദികളും നടത്തി ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു. ഭരണാധികാരികൾ നോക്കുകുത്തികളായി നില്ക്കുന്നു. പ്രക്ഷോഭകാരികൾ ”ഇതൊരു രണ്ടാം പാകിസ്ഥാനാകാൻ” ഞങ്ങൾ അനുവദിക്കില്ല, എന്നു ഭീഷണിപ്പെടുത്തുന്നു. പൊതുസ്ഥലങ്ങളിൽ നമാസ് നടത്തണമെന്നാഗ്രഹിക്കുന്നവർക്ക് പാകിസ്ഥാനിലേക്ക് പോകാം, നമാസ് എന്നാൽ ഹിന്ദുക്കൾക്കെതിരായ ജിഹാദ് വിളിയാണ്. നിയമലംഘനമാണ്, മനുഷ്യത്വരഹിതമാണ്. ഈവിധം വിദ്വേഷം നിറഞ്ഞുതുളുമ്പുന്ന പ്രചരണങ്ങൾ നിരന്തരം നടക്കുന്നു. ഇപ്രകാരം മുസ്‌ലിം മതവിഭാഗത്തിനെതിരെ വിദ്വേഷം ആളിക്കത്തിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയും ശ്രദ്ധേയമാണ്. ഉത്തരാഖണ്ഡിൽ അമിത് ഷാ നടത്തിയ പര്യടനവേളയിൽ മാധ്യമങ്ങളോടു നടത്തിയ പ്രതികരണം ഇപ്രകാരമായിരുന്നു. “ഞാൻ ഇവിടെ മുമ്പു സന്ദർശനം നടത്തിയപ്പോൾ കോൺഗ്രസുകാരുടെ ഭരണമായിരുന്നു. ആ സന്ദർഭത്തിൽ എന്നെ സന്ദർശിച്ച ചിലർ പറഞ്ഞു. എന്റെ യാത്ര തടഞ്ഞിരിക്കുകയാണ്” എന്തു സംഭവിച്ചു എന്ന് ഞാൻ അന്വേഷിച്ചു. അവരെന്നോടു പറഞ്ഞു. ഇന്ന് വെള്ളിയാഴ്ചയാണെന്ന് താങ്കൾക്കറിയില്ലേ? വെള്ളിയാഴ്ച ദിവസം ‘നമാസ്’ കാരണം ദേശീയപാത പൂർണമായും ഗതാഗത നിരോധനമാണ്”. വെള്ളിയാഴ്ചതോറും മുസ‌്‌ലിങ്ങൾ നടത്തുന്ന ‘നമാസ്’ പ്രാർത്ഥനാ പരിപാടികൾക്കെതിരെയുള്ള ജനരോഷത്തെ തീപിടിപ്പിക്കുന്നതായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന. മുസ്‌ലിങ്ങളുടെ പ്രാർത്ഥനാ കേന്ദ്രങ്ങളിൽ വലിയ ഡ്രം കൊട്ടി ശബ്ദം ഉണ്ടാക്കിയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയും വടിവാളും ഇരുമ്പുദണ്ഡുകളുമായി സംഘപരിവാർ പ്രവർത്തകർ, പ്രാർത്ഥനയ്ക്ക് എത്തുന്നവരെ ഓടിച്ചുവിടുന്നു. ഇവിടെ മുസ്‌ലിങ്ങൾ പ്രാർത്ഥന നടത്താനുള്ള അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുന്നു! ഇന്ത്യൻ ഭരണഘടനയിൽ വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്യ്രം ഇവിടെ സംഘപരിവാർ ഗുണ്ടകളുടെ തടവറയിലാണ്. യുപിയിലും ഝാർഖണ്ഡിലെ പല ജില്ലകളിലും ഗുരുഗ്രാമിലും ഓരോ വെള്ളിയാഴ്ച ദിവസങ്ങളിലും ‘നമാസ്’ പ്രശ്നം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മുസ്‌ലിം മതവിഭാഗങ്ങളുടെ മൗലികാവകാശമായ വെള്ളിയാഴ്ചകളിലെ പ്രാർത്ഥന പോലും നിഷേധിക്കപ്പെടുന്ന അവസ്ഥ പരിഹരിക്കാൻ വഖഫ് ബോർഡ് അടക്കമുള്ള സ്ഥാപനങ്ങൾ ഗൗരവമായി ഇടപെടേണ്ടതാണ്. സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്ന വഖഫ് ബോർഡിന്റെ ഭൂമിയുടെ അളവ് തിട്ടപ്പെടുത്തി ബോർഡിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാനും ആ സ്ഥലങ്ങളിൽ പള്ളികൾ പണിയാനും ബൃഹത്തായ ഒരു പദ്ധതിയ്ക്ക് രൂപം നല്കി തങ്ങളുടെ ‘നമാസ്’ നിലനിർത്താനുള്ള നടപടികൾക്ക് നേതൃത്വം നല്കാൻ മുസ്‌ലിംമത വിഭാഗങ്ങൾ ധീരത കാണിക്കണം. കേരളത്തിലെ മുസ്‌ലിംലീഗ് അന്ധൻ ആനയെ കണ്ടതുപോലെയാണ് ഇന്ത്യയിലെ മുസ്‌ലിം വിഭാഗങ്ങളുടെ അവസ്ഥ വിലയിരുത്തുന്നത്. വഖഫ് ബോർഡിലെ നിയമനങ്ങൾ ഒരു ഭരണഘടനാസമിതിക്ക് വിട്ടതിനെതിരെ നടത്തുന്ന പ്രതിഷേധം ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തമാണ്. കേരളത്തിലെ ലീഗുകാർ കേന്ദ്ര ഭരണകൂടം സ്വീകരിച്ചിരിക്കുന്ന ഭരണഘടനാ ലംഘനമടക്കമുള്ള മുസ്‌ലിം ജനവിഭാഗത്തിനെതിരെ നടത്തുന്ന പീഡനങ്ങൾ കാണുന്നില്ല. നമ്മുടെ ഭരണഘടനാവകാശങ്ങൾ പുർണമായും നിഷേധിക്കപ്പെടുന്ന അത്യന്തം സ്ഫോടനാത്മകമായ ഒരു കാലഘട്ടത്തിലേക്ക് കടക്കുകയാണെന്ന സൂചനയാണ് ഇന്ത്യയിലെ ന്യൂനപക്ഷമതങ്ങളായ ക്രിസ്ത്യാനികളും, മുസ്‌ലിങ്ങളും ഇന്നു നേരിടുന്ന പ്രതിസന്ധി.

Exit mobile version