Site iconSite icon Janayugom Online

നിർമ്മാണ മേഖലയിലും പ്രതിസന്ധി; സിമന്റിനും കമ്പിക്കും വില കുതിച്ചുയരുന്നു

സംസ്ഥാനത്ത് നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി സിമന്റിനും കമ്പിക്കും വില കുതിച്ചുയരുന്നു. നിലവിൽ 480 രൂപ വിലയുള്ള സിമന്റിന് ഈ മാസം 15 മുതൽ 50 രൂപ വരെ വില വർധിച്ചേക്കാമെന്ന് വ്യാപാരികൾ പറയുന്നു. ഇതോടെ സിമന്റിന് വില അഞ്ഞൂറ് കടക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് സിമന്റ് കമ്പനികൾ നൽകിയിട്ടുണ്ടെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു. കോവിഡ‍ിന്റെ തുടക്കത്തിൽ 380 രൂപ വരെയായിരുന്നു സിമന്റിന്റെ വില. സപ്തംബർ മാസം ഇത് നാന്നൂറ് മുതൽ നാന്നൂറ്റി മുപ്പത് രൂപ വരെയായി വർധിച്ചു. ഒന്നര മാസത്തിനിടയ്ക്ക് നൂറ് രൂപയുടെ വില വർധനവാണ് സിമന്റിന് ഉണ്ടായിട്ടുള്ളതെന്ന് കോൺഫെഡറേഷൻ ഓഫ് കൺസ്ട്രക്ഷൻ ഇന്റസ്ട്രി കൺവീനർ സിറാജുദ്ദീൻ ഇല്ലത്തൊടി വ്യക്തമാക്കി. 

ഒരു മാസം ശരാശരി രണ്ട് കോടിയിലധികം ബാഗ് സിമന്റാണ് കേരളത്തിൽ വിറ്റഴിയുന്നത്. നേരത്തെ നടന്ന ചർച്ചയിൽ സർക്കാറിനോട് ആലോചിച്ച ശേഷമേ വിലയിൽ മാറ്റം വരുത്തുകയുള്ളുവെന്ന് കമ്പനികൾ ഉറപ്പ് നൽകിയിരുന്നെങ്കിലും അതെല്ലാം തെറ്റിച്ചുകൊണ്ട് ഏകപക്ഷീയമായാണ് കമ്പനികളിപ്പോൾ വില വർധിപ്പിക്കുന്നത്. അംബുജ സിമന്റ്സിലെയും അനുബന്ധ കമ്പനിയായ എ സി സിയിലെയും ഓഹരികൾ സ്വന്തമാക്കിയ അദാനി ഗ്രൂപ്പ് ഈ മേഖലയിൽ സ്വാധീനം ചെലുത്തിത്തുടങ്ങിയ ശേഷമാണ് വൻ തോതിലുള്ള വിലവർധനവ് ഉണ്ടാവുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. 

കേരളത്തിലെ ഏക പൊതുമേഖല സിമന്റ് ഉത്പാദന കമ്പനിയായ മലബാർ സിമന്റ് വിപണിയുടെ വെറും നാല് ശതമാനം മാത്രമാണ് കൈയ്യാളുന്നത്. വിപണിയുടെ 96 ശതമാനവും നിയന്ത്രിക്കുന്ന ഇതര സംസ്ഥാന സിമന്റ് കമ്പനികളുടെ ചൂഷണത്തെ നേരിടാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. ഇതേ സമയം അസംസ്കൃത വസ്തുക്കൾ ലഭിക്കാനുള്ള തടസ്സവും വിലവർധനവുമാണ് സിമന്റിന്റെ വില വർധിക്കാൻ കാരണമെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാൽ അടുത്ത കാലത്തായി അസംസ്കൃത വസ്തുക്കൾക്ക് വില വർധിച്ചിട്ടില്ലെന്നും ലഭ്യതക്കുറവില്ലെന്നും കേരള സിമന്റ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സുബൈർ കൊളക്കാടൻ, ബിൽഡേഴ്സ് അസോസിയേഷൻ പ്രതിനിധി കെ ഖാലിദ് എന്നിവർ വ്യക്തമാക്കി. 

നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ടി എം ടി സ്റ്റീലിനും ഒരു വർഷത്തിനിടെ 25 രൂപയിലധികം വർധനവുണ്ടായിട്ടുണ്ട്. ക്രഷർ ഉത്പന്നങ്ങൾക്ക് 25 ശതമാനത്തിലധികവും പെയിന്റ് ഉൾപ്പെടെയുള്ള മറ്റ് നിർമ്മാണ സാമഗ്രികളുടെയും വിലയും വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ഇത് സാധാരണക്കാരെയും സർക്കാർ‑സ്വകാര്യ കരാറുകാരെയും വ്യാപാരികളെയും ഒരേപോലെ പ്രതിസന്ധിയിലാക്കുകയാണ്. കരാർ ഉറപ്പിച്ച ശേഷം വിലയിലുള്ള വ്യതിയാനം വലിയ തോതിൽ പ്രയാസത്തിലാക്കുന്നുണ്ടെന്ന് പൊതുമരാമത്ത് കരാറുകാരും വ്യക്തമാക്കുന്നു.

Eng­lish Summary:Crisis in con­struc­tion sec­tor too; Cement and steel prices are high
You may also like this video

Exit mobile version