Site iconSite icon Janayugom Online

റഫാൽ ഇടപാടിൽ പ്രതിസന്ധി; സോഴ്സ് കോഡ് കൈമാറില്ലെന്ന് ഫ്രാന്‍സ്

ഇന്ത്യൻ വ്യോമസേനയ്ക്കായി 114 മൾട്ടി റോൾ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വമ്പൻ കരാറില്‍ ഇന്ത്യക്ക് തിരിച്ചടിയായി ഫ്രാൻസിന്റെ നിലപാട്. റഫാൽ വിമാനങ്ങളുടെ സോഫ്റ്റ്‌വേർ ‘സോഴ്സ് കോഡ്’ ഇന്ത്യക്ക് കൈമാറില്ലെന്ന് ഫ്രാൻസ് വ്യക്തമാക്കിയതായി ഫ്രഞ്ച് ബിസിനസ് മാധ്യമമായ ‘ലെ എസൻഷ്യൽ ഡില ഇക്കോ’ റിപ്പോർട്ട് ചെയ്തു. ഇതോടെ വിമാനത്തിന്റെ പൂര്‍ണനിയന്ത്രണം ലഭിക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്ക് തിരിച്ചടിയേറ്റു.
റഫാൽ വിമാനത്തിന്റെ തലച്ചോറ് എന്ന് വിശേഷിപ്പിക്കാവുന്ന ‘സ്പെക്ട്ര’ ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, സെൻസറുകൾ എന്നിവയുടെ നിയന്ത്രണമാണ് സോഴ്സ് കോഡിലൂടെ സാധ്യമാകുന്നത്. ഇത് കൈമാറാത്തപക്ഷം വിമാനത്തിൽ ഇന്ത്യൻ നിർമ്മിത ആയുധങ്ങളോ സെൻസറുകളോ ഘടിപ്പിക്കണമെങ്കിൽ ഫ്രാൻസിന്റെ അനുമതിയും സാങ്കേതിക സഹായവും തേടേണ്ടി വരും. സോഫ്റ്റ്‌വേര്‍ ആവശ്യാനുസരണം പുതുക്കാനും ഇന്ത്യയ്ക്ക് സാധിക്കില്ല. പതിറ്റാണ്ടുകളായി തങ്ങൾ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ മറ്റൊരു രാജ്യവുമായും പങ്കിടാൻ കഴിയില്ലെന്നാണ് ഫ്രാൻസിന്റെ നിലപാട്.
പൂർണമായ സോഴ്സ് കോഡിന് പകരം ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസുകൾ നൽകാമെന്നാണ് ഫ്രാൻസിന്റെ വാഗ്ദാനം. നിലവിൽ യുഎഇ പിന്തുടരുന്ന ഈ സംവിധാനം വഴി തദ്ദേശീയമായ ആയുധങ്ങൾ വിമാനത്തിൽ ഘടിപ്പിക്കാൻ സാധിക്കും. എന്നാൽ ഇത് സോഴ്സ് കോഡിന്റയത്രയും ഫലപ്രദമാകില്ല. തദ്ദേശീയമായ ഡാറ്റാ ലിങ്കുകളും യുദ്ധോപകരണങ്ങളും വേഗത്തിൽ സംയോജിപ്പിക്കാൻ സോഴ്സ് കോഡ് ഇല്ലാതെ ബുദ്ധിമുട്ടാണെന്ന് യുഎസ് വ്യോമസേനയിലെ മുൻ ലഫ്റ്റനന്റ് ജനറൽ ഡേവിഡ് ഡെപ്റ്റുല പറയുന്നു.
ഈ മാസം 12ന് പ്രതിരോധ അക്വിസിഷൻ കൗൺസിൽ കരാർ നടപടികൾ തുടങ്ങിയപ്പോൾ, ഇന്ത്യൻ ആയുധങ്ങൾ റഫാലിൽ ഘടിപ്പിക്കാനുള്ള പൂർണ അധികാരം ഉറപ്പാക്കുമെന്ന് പ്രതിരോധ സെക്രട്ടറി ആർ കെ സിങ് വ്യക്തമാക്കിയിരുന്നു. ഇന്ത്യ നിർമ്മിക്കുന്ന അസ്ത്ര മിസൈലുകൾ ഉൾപ്പെടെയുള്ളവ ഉപയോഗിക്കാനാണ് വ്യോമസേനയുടെ പദ്ധതി. ഫ്രാൻസിന്റെ നിലപാട് ഈ പദ്ധതികളെ എങ്ങനെ ബാധിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പരിശോധിച്ചുവരികയാണ്.
ഈജിപ്ത്, ഖത്തർ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും റഫാൽ ഉപയോഗിക്കുന്നുണ്ടെങ്കിലും അവർ നാറ്റോ സ്റ്റാന്റേഡ് ആയുധങ്ങളാണ് വിന്യസിക്കുന്നത്. അതുകൊണ്ട് സോഴ്സ് കോഡിന്റെ ആവശ്യം വരുന്നില്ല. എന്നാൽ ‘ആത്മനിർഭർ ഭാരത്’ പദ്ധതിയിലൂടെ സ്വന്തം ആയുധങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുന്ന ഇന്ത്യക്ക് സോഴ്സ് കോഡ് ലഭിക്കാത്തത് വലിയ വെല്ലുവിളിയാകും. ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള മുൻകാല സൈനിക നീക്കങ്ങളിൽ റഫാലിന്റെ പ്രകടനം ചർച്ചയായ സാഹചര്യത്തിൽ, വിമാനത്തിന്റെ പൂർണ നിയന്ത്രണം തങ്ങളുടെ കൈവശം വേണമെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനം വെടിവച്ചിട്ടതായി പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. 

Exit mobile version