കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഊര്‍ജക്ഷാമം രൂക്ഷമായതോടെ ശ്രീലങ്കയിലെ പ്രതിദിന പവര്‍കട്ട് പത്ത് മണിക്കൂര്‍ ആയി ഉയര്‍ത്തി. വിദേശ കറന്‍സിയുടെ ലഭ്യതക്കുറവ് മൂലം ദ്വീപ് രാജ്യമായ ശ്രീലങ്കയില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ മുതല്‍ സിമന്റ് വരെയുള്ള ഉല്പന്നങ്ങള്‍ക്ക് ക്ഷാമം നേരിടുകയാണ്.
ജലവൈദ്യുത നിലയങ്ങളില്‍ വൈദ്യുതി ഉല്പാദനത്തിലുണ്ടായ കുറവ്, ഡീസല്‍ ഇല്ലാത്തതിനാല്‍ താപവൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തിക്കാതിരുന്നത് തുടങ്ങിയവ കാരണം ഈ മാസം ആദ്യം മുതല്‍ തന്നെ ഏഴ് മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു. നീണ്ട പവര്‍കട്ടിനെ തുടര്‍ന്ന് മണ്ണെണ്ണ വാങ്ങുന്നതിനും മണിക്കൂറുകളോളം ആളുകള്‍ വരി നില്‍ക്കേണ്ടിവരുന്ന അവസ്ഥയിലാണ്.
മരുന്ന് ക്ഷാമത്തെ തുടര്‍ന്ന മധ്യ ശ്രീലങ്കന്‍ നഗരമായ കാന്‍ഡിയിലെ പെരെദെനിയ ആശുപത്രിയില്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ മുടങ്ങിയിരുന്നു. അനസ്‌തേഷ്യക്കുള്‍പ്പെടെയുള്ള മരുന്നുകളാണ് തീര്‍ന്നത്. ഇതിന് പിന്നാലെ ശസ്ത്രക്രിയ മുടങ്ങിയ ആശുപത്രിക്ക് ഇന്ത്യ അടിയന്തര സഹായം എത്തിച്ചിരുന്നു. ക്ഷാമം രൂക്ഷമായ ശ്രീലങ്കയ്ക്ക് സഹായവാഗ്ദാനവുമായി വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ തിങ്കളാഴ്ച കൊളംബോയിലെത്തിയിരുന്നു. പിന്നാലെയാണ് കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഗോപാല്‍ ബാഗ്ലായിയോട് സഹായമെത്തിക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായം ഉറപ്പാക്കാന്‍ ഇന്ത്യ ഏറെ പരിശ്രമിക്കുന്നുണ്ടെന്ന് എസ് ജയ്ശങ്കര്‍ പറഞ്ഞു. രാഷ്ട്രീയത്തിന് അപ്പുറം അയല്‍രാജ്യത്തിന് ഇന്ത്യ കൂടുതല്‍ സഹായം ഉറപ്പാക്കും. മഹാമാരിയിലും കാലാവസ്ഥാ ദുരന്തത്തിലും ദുരിതമനുഭവിച്ച രാജ്യങ്ങള്‍ക്ക് ഇന്ത്യ സഹായമെത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇത് അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. സ്വകാര്യമേഖലയിലെ നിക്ഷേപം ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ഇന്ത്യ നടപ്പാക്കുമെന്നും ജയ്ശങ്കര്‍ പറഞ്ഞു.
English Summary: Crisis intensifies; Sri Lanka in the dark
You may like this video also