ഫുട്ബോൾ ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബ് അൽ നസറുമായുള്ള കരാർ അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി സൂചന. സൗദി പ്രൊ ലീഗ് അധികൃതരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് താരം ക്ലബ്ബ് വിട്ടേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ലീഗിന്റെ പ്രവർത്തനങ്ങളിൽ താരത്തിനുള്ള അതൃപ്തിയാണ് പ്രധാന കാരണം. ലീഗ് കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്ന് അധികൃതർ താരത്തിന് നിർദേശം നൽകിയത് റൊണാൾഡോയെ ചൊടിപ്പിച്ചതായാണ് വിവരം. ലീഗിലെ മറ്റ് പ്രധാന ക്ലബ്ബുകളായ അൽ ഹിലാൽ, അൽ ഇത്തിഹാദ് എന്നിവയ്ക്ക് ലഭിക്കുന്ന പരിഗണന അൽ നസറിന് ലഭിക്കുന്നില്ലെന്നും, പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിൽ അധികൃതർ തടസം നിൽക്കുന്നുവെന്നും റൊണാൾഡോ ആരോപിച്ചതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒന്നാം സ്ഥാനക്കാരായ അൽ ഹിലാൽ ഫ്രഞ്ച് താരം കരിം ബെൻസിമയെ ടീമിലെത്തിച്ചതും റൊണാൾഡോയുടെ നീക്കത്തിന് പിന്നിലെ കാരണമായി വിലയിരുത്തപ്പെടുന്നു. അൽ റിയാദിനെതിരായ മത്സരത്തിൽ കളിക്കാതിരുന്ന താരം, കഴിഞ്ഞ ദിവസങ്ങളിലെ പരിശീലന സെഷനുകളിലും പങ്കെടുത്തിരുന്നില്ല.
2023ൽ അൽ നസറിലെത്തിയ റൊണാൾഡോയ്ക്ക് ക്ലബ്ബിനൊപ്പം ഇതുവരെ പ്രധാന കിരീടങ്ങളൊന്നും നേടാനായിട്ടില്ല. 2027 വരെ കരാർ ബാക്കിയുണ്ടെങ്കിലും അത് നേരത്തെ അവസാനിപ്പിച്ച് തന്റെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങാനാണ് താരം ആലോചിക്കുന്നത്. അവിടെ കരിയർ അവസാനിപ്പിക്കാനാണ് റൊണാൾഡോയുടെ പദ്ധതിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദി ഫുട്ബോളിന്റെ മുഖമായി മാറിയ റൊണാൾഡോയുടെ ഈ പിൻമാറ്റ സാധ്യത ക്ലബ്ബിനും ലീഗിനും വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
Cristiano quarreled with Al Nasser? There are reports that he is preparing to leave Saudi Arabia

