Site icon Janayugom Online

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നതോടെ പ്രതിഫലക്കണക്കിൽ റൊണാൾഡോ ഒന്നാമതാവും; കണക്കുകൾ ഇങ്ങനെ..

ഇറ്റാലിയന്‍ ടീം യുവന്റസില്‍ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. റൊണാള്‍ഡോയ്ക്ക് 4,80,000 പൗണ്ടാണ് പ്രതിവാര ശമ്പളമായി യുണൈറ്റഡ് നൽകുകയെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതോടെ പ്രീമിയർ ലീഗിൽ ഏറ്റവും ഉയർന്ന ശമ്പളക്കാരനായി റൊണാൾഡോ മാറും. ചെൽസി താരം റൊമേലു‌ ലുക്കാക്കു (450,000 പൗണ്ട്) , മാഞ്ചസ്റ്റർ സിറ്റിതാരം കെവിൻ ഡി ബ്രൂയിൻ (450,000 പൗണ്ട്) എന്നിവരെയാണ‌് പ്രതിഫലത്തിൽ റൊണാൾഡോ പിന്നിലാക്കുക.

ഏറ്റവും കൂടുതൽ തുക സമ്പാദിക്കുന്ന അഞ്ച് പ്രീമിയർ ലീഗ് താരങ്ങൾ

1. ക്രിസ്റ്റ്യാനോ റൊണാൾഡോ — 480,000
2. റൊമേലു ലുക്കാക്കു — 450,000
3. കെവിൻ ഡി ബ്രൂയിൻ — 385,000
4. ജാക്ക് ഗ്രീലിഷ് — 380,000
5. ഡേവിഡ് ഡി ഗിയ — 375,000

 

ഫുട്ബോള്‍ ലോകത്ത് നിറഞ്ഞു നിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്. യുവന്റസില്‍ നിന്നും രണ്ട് വര്‍ഷത്തെ കരാറിലെത്തുന്ന താരം 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റൊണാള്‍ഡോയെ ലോകോത്തര താരമാക്കി മാറ്റിയ യുണൈറ്റഡിലേക്ക് തിരിച്ചെത്തുന്നത്.

റൊണാള്‍ഡോയെ ലോകം അറിയാന്‍ താരത്തിന്റെ പേര് തന്നെ പറയണമെന്നില്ല. ലോക പ്രശസ്തമായ അദ്ദേഹത്തിന്റെ സിആര്‍ 7 എന്ന ജേഴ്സി നമ്പര്‍ തന്നെ ധാരാളം. ഏഴാം നമ്പര്‍ ജേഴ്സി മാത്രം ധരിക്കുന്ന റൊണാള്‍ഡോയ്ക്ക് ഈ നമ്പര്‍ ആദ്യമായി നല്‍കിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്. യുണൈറ്റഡിന് വേണ്ടി കളിച്ചാണ് റൊണാള്‍ഡോ സി ആര്‍ 7 എന്ന പേരുപോലും വളര്‍ത്തിയെടുത്തത്. വീണ്ടും തറവാട്ടിലേക്ക് തിരിച്ചെത്തുന്ന റൊണാള്‍ഡോയ്ക്ക് എന്നാല്‍ ഏഴാം നമ്പര്‍ ജേഴ്സി ലഭിക്കുമോ എന്നും കാത്തിരുന്നു കാണാം.

നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഏ­ഴാം നമ്പര്‍ ജേഴ്സി അണിയുന്നത് ഉറുഗ്വേ സീനിയര്‍ താരം എഡിന്‍സന്‍ കവാനിയാണ്. അതിനാല്‍ത്തന്നെ കവാനിയുടെ തീരുമാനമാകും റൊണാള്‍ഡോക്ക് ഏഴാം നമ്പര്‍ ലഭിക്കുന്ന കാര്യത്തില്‍ നിര്‍ണ്ണായകമാവുക. കവാനി റൊണാള്‍ഡോയ്ക്കായി ഏഴാം നമ്പര്‍ വിട്ടുകൊടുത്താല്‍ വീണ്ടും ചുവന്ന ജേഴ്സിയില്‍ ഏഴാം നമ്പറില്‍ റൊണാള്‍ഡോയെ കാണാനാവും.

 

You may also like this video:

Exit mobile version