Site iconSite icon Janayugom Online

ഭൗമനിരീക്ഷണത്തിൽ നിർണായക നേട്ടം; നിസാർ പൂര്‍ണമായും പ്രവര്‍ത്തനക്ഷമം

നാസയും ഐഎസ്ആർഒയും സംയുക്തമായി വികസിപ്പിച്ച അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘നിസാർ’ പൂർണതോതിൽ പ്രവർത്തനക്ഷമമായി. ഉപഗ്രഹം ഭ്രമണപഥത്തിലെത്തി 100 ദിവസം പിന്നിടുന്ന വേളയിൽ ആന്റിനകള്‍ പൂര്‍ണമായി വിടര്‍ത്തി. നിസാർ പകർത്തിയ ആദ്യഘട്ട ചിത്രങ്ങളും ഐ എസ്ആർഒ പുറത്തുവിട്ടു. നിസാര്‍ പകര്‍ത്തിയ ആന്ധ്രാപ്രദേശിലെ ഗോദാവരി നദീതടത്തിന്റെ ചിത്രങ്ങളാണ് ഐഎസ്ആർഒ ചെയർമാന്‍ ഡോ. വി നാരായണന്‍ പുറത്തുവിട്ടത്. സിന്തറ്റിക് അപ്പർച്ചർ റഡാർ സാങ്കേതികവിദ്യ ഉപയോഗിച്ച് പകർത്തിയ ഈ ചിത്രങ്ങളിൽ നദീതടങ്ങൾ, കാർഷിക മേഖലകൾ, കണ്ടൽക്കാടുകൾ, കക്ക കൃഷി നടക്കുന്ന ജലാശയങ്ങൾ എന്നിവ അതീവ വ്യക്തതയോടെ കാണാം. ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും കൃത്യമായി ഒപ്പിയെടുക്കാൻ നിസാറിന് കഴിയുമെന്നതിന്റെ തെളിവാണ് ഈ ചിത്രങ്ങൾ. 

നാസ‑ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ എന്നതിന്റെ ചുരുക്കപ്പേരാണ് ‘നിസാർ’. രണ്ട് വ്യത്യസ്ത ഫ്രീക്വൻസികളിൽ (എൽ‑ബാൻഡ്, എസ്-ബാൻഡ്) പ്രവർത്തിക്കുന്ന റഡാറുകൾ ഉപയോഗിക്കുന്ന ലോകത്തെ ആദ്യത്തെ ഉപഗ്രഹമാണിത്. ഐഎസ്ആർഒ നിര്‍മ്മിച്ച എസ്-ബാൻഡ് റഡാറും നാസ നിര്‍മ്മിച്ച എൽ‑ബാൻഡ് റഡാറുമാണ് ഉപഗ്രഹത്തിലുള്ളത്. ഏത് കാലാവസ്ഥയിലും, രാവും പകലും വ്യത്യാസമില്ലാതെ മേഘങ്ങൾക്കിടയിലൂടെ പോലും വ്യക്തമായ ചിത്രങ്ങൾ പകർത്താൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും.

ഈ വർഷം ജൂൺ 30നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജിഎസ്എൽവി-എഫ് 16 റോക്കറ്റ് ഉപയോഗിച്ച് നിസാർ വിജയകരമായി വിക്ഷേപിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഉപഗ്രഹം പ്രവർത്തനസജ്ജമായെന്നും, ലഭിക്കുന്ന ശാസ്ത്രീയ വിവരങ്ങൾ ഗവേഷണങ്ങൾക്ക് ഉപയോഗയോഗ്യമാണെന്നും ഐഎസ്ആർഒ അറിയിച്ചു. മൂന്ന് വർഷമാണ് നിസാറിന്റെ പ്രവർത്തന കാലാവധി. ഈ കാലയളവിനുള്ളിൽ ഭൂമിയുടെ ഉപരിതലത്തെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകും. ഭൂകമ്പം, സുനാമി, ഉരുൾപൊട്ടൽ തുടങ്ങിയവ മുൻകൂട്ടി മനസിലാക്കാനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിസാർ സഹായിക്കും. 

Exit mobile version