Site iconSite icon Janayugom Online

രാജസ്ഥാന്‍ ഹൈക്കോടതിക്ക് വിമര്‍ശനം; മതവും ജാതിയും വിധിന്യായത്തില്‍ വേണ്ട: സുപ്രീം കോടതി

കോടതി വിധിന്യായത്തില്‍ ഹര്‍ജിക്കാരുടെയും പ്രതികളുടെയും മതമോ ജാതിയോ പരാമര്‍ശിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ബലാത്സംഗക്കേസില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കെവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
ജസ്റ്റിസ് അഭയ് എസ് ഓഖ, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് രാജസ്ഥാന്‍ ഹൈക്കോടതിക്കും വിചാരണ കോടതി വിധിക്കുമെതിരെ രംഗത്തുവന്നത്. ബലാത്സംഗക്കേസിലെ പ്രതിക്ക് ശിക്ഷായിളവ് നല്‍കിയ ഹൈക്കോടതി വിധിയിലും വിചാരണക്കോടതി വിധിയിലും പ്രതിയുടെ മതവും ജാതിയും ഉള്‍പ്പെടുത്തിയത് ഗുരുതരമായ വീഴ്ചയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തിയുടെ ജാതിയോ മതമോ കോടതികള്‍ ഒരുകാരണവശാലും പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഗൗതം എന്ന യുവാവിന് ആദ്യം വിചാരണക്കോടതി ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. എന്നാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച വേളയില്‍ അത് 12 വര്‍ഷമായി ഇളവ് ചെയ്തു. ശിക്ഷാ കാലാവധി കുറച്ച വിധിയിലാണ് പ്രതി പട്ടികജാതിയില്‍പ്പെട്ട വ്യക്തിയാണെന്നും സ്ഥിരം കുറ്റവാളിയാണെന്നും രേഖപ്പെടുത്തിയിരുന്നത്. 

വിചിത്രമായ ഇത്തരം കാര്യങ്ങള്‍ എങ്ങനെയാണ് വിധിന്യായത്തില്‍ കടന്ന് വരുന്നതെന്ന് സുപ്രീം കോടതി ആരാഞ്ഞു. പ്രതിയുടെ സാമ്പത്തിക പശ്ചാത്തലം — കുടുംബത്തിന്റെ അവസ്ഥ ഒന്നും പരിഗണിക്കാന്‍ പാടില്ല. പ്രതിക്ക് 22 വയസ് മാത്രമെ പ്രായമുള്ളു എന്നുള്ളത് കുറ്റകൃത്യത്തിന്റെ തീവ്രത കുറയ്ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ശിക്ഷാ കാലാവധി കുറച്ച തീരുമാനം റദ്ദാക്കി. 

Eng­lish Summary:Criticism of Rajasthan High Court; Reli­gion and caste not in judg­ment: Supreme Court

You may also like this video

Exit mobile version