Site iconSite icon Janayugom Online

തീരുവ നയത്തിനെതിരെ വിമര്‍ശനം; ട്രംപിന്റെ മുൻ സുരക്ഷാ ഉപദേഷ്ടാവിന്റെ വീട്ടിൽ എഫ്ബിഐ റെയ്ഡ്

ഇന്ത്യക്ക് മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തിയതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ചതിന് പിന്നാലെ മുന്‍ സുരക്ഷാ ഉപദേഷ്ടാവായ ജോണ്‍ ബോള്‍ട്ടന്റെ വസതിയില്‍ എഫ്ബിഐ റെയ്ഡ്.
രഹസ്യ രേഖകള്‍ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോണ്‍ ബോള്‍ട്ടണെ കസ്റ്റഡിയില്‍ എടുക്കുകയോ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ല. അധികൃതരില്‍ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ലെങ്കിലും വാര്‍ത്ത പുറത്തായതിന് പിന്നാലെ ആരും നിയമത്തിന് അതീതരല്ലെന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.
17 മാസം ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു ജോണ്‍ ബോള്‍ട്ടണ്‍. ട്രംപിന്റെ താരിഫ് നയങ്ങളെ വിമര്‍ശിച്ച ബോള്‍ട്ടണ്‍ ട്രംപിനെ യുക്തിരഹിതനായ പ്രസിഡന്റ് എന്ന് വിശേഷിപ്പിച്ചിരുന്നു. യുഎസ്-ഇന്ത്യ ബന്ധം നിലവില്‍ വളരെ മോശം അവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യയുടെ എണ്ണയും വാതകവും പ്രധാനമായി വാങ്ങുന്നവരായിരുന്നിട്ടും ചൈന പുതിയ ഉപരോധങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും ബോള്‍ട്ടന്‍ പറഞ്ഞു.
റഷ്യ- ഉക്രെയ്ന്‍ യുദ്ധത്തില്‍ ട്രംപിന്റെ ഇടപെടലില്‍ ഒരു പുരോഗതിയും ഇല്ലെന്നും ബോള്‍ട്ടണ്‍ ചൂണ്ടിക്കാട്ടി. ട്രംപ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ആഗ്രഹിക്കുന്നതിനാല്‍ കൂടിക്കാഴ്ചകള്‍ തുടരുമെന്നും പക്ഷേ ഈ ചര്‍ച്ചകള്‍ക്ക് ഒരു പുരോഗതിയും കാണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version