Site iconSite icon Janayugom Online

വെള്ളാപ്പള്ളിയുടെ വിമര്‍ശനം കോണ്‍ഗ്രസില്‍ പുകയുന്നു; കടുത്ത അസംതൃപ്തിയില്‍ വി ഡി സതീശന്‍ വിഭാഗം

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ രൂക്ഷ വിമര്‍ശനം കോണ്‍ഗ്രസില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് വേദിയാകുന്നു. വിമര്‍ശനത്തെ എതിര്‍ക്കാതെ കെ സുധാകരനും രമേശ് ചെന്നിത്തലയും നിലപാടെടുക്കുമ്പോള്‍ വിഷയത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് കെ സി വേണുഗോപാല്‍ ചെയ്തത്. വി ഡി സതീശന്‍ അധികാരമോഹിയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം. സതീശന് പക്വതയും മാന്യതയുമില്ല. സതീശൻ പ്രതിപക്ഷ നേതാവായതോടെ പാർട്ടിയിൽ ഗ്രൂപ്പുകൾ കൂടി. കോൺഗ്രസിൽ ഇപ്പോൾ എ, ഐ ഗ്രൂപ്പുകളില്ല. വ്യക്തികളുടെ ഗ്രൂപ്പാണുള്ളതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അടക്കം എതിർത്ത് സതീശൻ സർവജ്ഞൻ ആകാൻ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. 

സാമുദായിക നേതാക്കൾ സമൂഹത്തിൽ വിലയുള്ള ആളുകളാണെന്നും അവരുടെ അഭിപ്രായത്തെ എതിർക്കാനില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. വെള്ളാപ്പള്ളി എന്നെക്കുറിച്ച് ചില നല്ല കാര്യങ്ങൾ പറഞ്ഞു എന്നേയുള്ളൂ. ഞാൻ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴുമൊക്കെ എല്ലാ സമുദായിക സംഘടനകളുമായി നല്ല ബന്ധം പുലർത്തിയിരുന്നു. അത് ഒരു പൊതു പ്രവർത്തകന് വേണ്ട കാര്യമാണ്. എല്ലാ സാമുദായിക സംഘടനകളുമായി നല്ല ബന്ധമാണുള്ളത്. ആരെയാണ് പരിപാടിക്ക് വിളിക്കേണ്ടത് എന്നുള്ളത് അവരുടെ ഇഷ്ടമാണ്. മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ആരാണ് മുഖ്യമന്ത്രി ആകേണ്ടത് എന്ന് സംബന്ധിച്ച് സാമുദായിക സംഘടനകൾക്കും അഭിപ്രായം പറയാമെന്നും ചെന്നിത്തല പറഞ്ഞു. 

വെള്ളാപ്പള്ളിക്ക് പ്രസ്താവനകള്‍ നടത്താനുള്ള അവകാശമുണ്ടെന്നും അഭിപ്രായങ്ങള്‍ പറയുന്നത് സ്വാഭാവികമാണെന്നുമായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം. സാമുദായിക നേതാക്കളുടെ വോട്ട് വാങ്ങാമെങ്കില്‍ അവര്‍ക്ക് അഭിപ്രായം പറഞ്ഞുകൂടേയെന്നും സുധാകരന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പിന്തുണയോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രമേശ് ചെന്നിത്തലയെ ഒതുക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് എന്‍എസ്എസും എസ്എന്‍ഡിപിയും ചെന്നിത്തലയെ അനുകൂലിച്ചും വി ഡി സതീശനെ എതിര്‍ത്തും രംഗത്തുവന്നത്. 

എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും പിന്തുണയോടെ പാര്‍ട്ടിയില്‍ അധികാരം തിരിച്ചുപിടിക്കാനും, വരുന്ന തെരഞ്ഞെടുപ്പില്‍ വിജയമുണ്ടായാല്‍ മുഖ്യമന്ത്രി സ്ഥാനത്തെത്താനുമുള്ള നീക്കമാണ് ചെന്നിത്തല നടത്തുന്നതെന്നാണ് വി ഡി സതീശനെ അനുകൂലിക്കുന്നവരുടെ വാദം. അതിനിടെ, കോൺഗ്രസ് നേതാക്കൾ ജാതി-മത ശക്തികളുടെ അടിമകളാകരുതെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. വി ഡി സതീശന് വേണ്ടിയാണ് ചെറിയാൻ ഫിലിപ്പിന്റെ പരസ്യപ്രതികരണമെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്. ഇതോടെയാണ് സാമുദായിക സംഘടനകളുടെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചേരിതിരിഞ്ഞുള്ള തര്‍ക്കത്തിന് വഴിയൊരുങ്ങിയത്. 

Exit mobile version