യുവേഫ നേഷൻസ് ലീഗില്‍ പോർച്ചുഗലിനെ സമനിലയില്‍ (1–1) തളച്ച് ക്രൊയേഷ്യ. 33-ാം മിനിറ്റില്‍ ജോവോ ഫെലിക്സാണ് പോർച്ചുഗലിനായി ലീഡെടുക്കുന്നത്. 65-ാം മിനിറ്റില്‍ ജോസ്കോ ഗ്വാർഡിയോള്‍ സമനില ഗോള്‍ നേടി. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിശ്രമം നല്‍കിയാണ് പോര്‍ച്ചുഗല്‍ ഇറങ്ങിയത്. ക്രിസ്റ്റ്യാനോയുടെ അഭാവത്തില്‍ ജോവോ ഫെലിക്സും റാഫേല്‍ ലിയോയും പോർച്ചുഗലിന്റെ മുന്നേറ്റം നയിച്ചു. ക്രൊയേഷ്യക്കെതിരെ സമനില വഴങ്ങിയെങ്കിലും നേഷൻസ് ലീഗ് എ ഗ്രൂപ്പ് 1ല്‍ 14 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറില്‍ കടന്നു. രണ്ടാം സ്ഥാനത്തുള്ള ക്രൊയേഷ്യക്ക് എട്ടും മൂന്നാമതുള്ള സ്കോട്ട്‌ലാൻഡിന് ഏഴും പോയിന്റുണ്ട്. മറ്റൊരു മത്സരത്തില്‍ സ്കോട്ട്‌ലാൻഡ് ഒന്നിനെതിരെ രണ്ടുഗോളിന് പോളണ്ടിനെ കീഴടക്കി. ജോണ്‍ മെക്ഗിന്നും ആൻഡ്ര്യൂ റോബർട്ട്സനുമാണ് സ്കോട്ട്‌ലാൻഡിനായി ഗോള്‍ കണ്ടെത്തിയത്.
ആവേശകരമായ പോരാട്ടത്തിനൊടുവില്‍ സ്വിറ്റ്സർലാൻഡിനെ സ്പെയിൻ കീഴടക്കി. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ജയം. 32-ാം മിനിറ്റില്‍ യുവതാരം യെറെമി പിനോയാണ് സ്പെയിനിന് ആദ്യ ലീഡ് നല്‍കിയത്. 63-ാം മിനിറ്റില്‍ ജോയല്‍ മോണ്ടെയ്റോ സ്വിറ്റ്സർലാന്‍ഡിനെ ഒപ്പമെത്തിച്ചു (1–1). 68-ാം മിനിറ്റില്‍ ബ്രിയാൻ ഗിലിന്റെ ഗോളിലൂടെ സ്പെയിൻ വീണ്ടും മുന്നിലെത്തി. 85-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കി ആൻഡി സെക്വിരി വീണ്ടും സമനില പിടിച്ചു. ഇഞ്ചുറി ടൈമില്‍ സ്പെയിനിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രിയാൻ സരഗോസ വിജയം നേടിക്കൊടുക്കുകയായിരുന്നു. 16 പോയിന്റുമായി സ്പെയിൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറില്‍ കടന്നു.