ഉപ്പുവെള്ളക്കെടുതിയിൽ കൃഷി കരിഞ്ഞുണങ്ങി. കണ്ണപുരം പുഞ്ചവയലിലെ 25 ഏക്കർ വയലിലെ നെൽകൃഷിയടക്കം ഉപ്പ് നഞ്ച് പടർന്ന് കരിഞ്ഞുണങ്ങി. ഭൂമിയുടെ ആവാസവ്യവസ്ഥ പൂർണമായി തകിടം മറിഞ്ഞു. സമീപകാലത്തൊന്നും കൃഷിയിറക്കാനാകാത്ത ദുരവസ്ഥയിലാണ് കർഷകർ. കതിർ വിരിയാറായ നെൽചെടികളാണ് നശിച്ചത്. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ട്.
വെള്ളിക്കൽ പുഴയിൽനിന്നാണ് ഇടതടവില്ലാതെ ഉപ്പുവെള്ളം കയറുന്നത്. പാടത്ത് വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യവുമുണ്ട്. വെള്ളക്കെട്ട് രൂക്ഷമായാൽ പാടങ്ങൾക്ക് സമീപത്തെ പറമ്പുകളിലെ ഫലവൃക്ഷത്തൈകൾക്കും ഭീഷണിയാണ്. വെന്റിലേറ്റർ ക്രോസ് ബാർ നിർമിച്ചാൽ വെള്ളം കയറുന്നത് തടയാനാകും.

