Site icon Janayugom Online

മോഡിയുടെ ചിത്രം പതിച്ച സഞ്ചിക്ക് ചെലവഴിക്കുന്നത് കോടികള്‍

രാജ്യത്തെ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ മോഡിയുടെ ചിത്രം ആലേഖനം ചെയ്ത സഞ്ചി വഴിയാക്കണമെന്ന് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ). ഇതു സംബന്ധിച്ച് എഫ്‌സിഐ റീജിയണല്‍ ഓഫിസുകള്‍ക്ക് കത്ത് നല്‍കി. പൊതുവിതരണ സമ്പ്രദായം വഴി സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ മോഡിയുടെ ചിത്രം പതിപ്പിച്ച ബാഗ് വഴി മാത്രമേ നല്‍കാവു എന്ന് നിര്‍ദേശത്തില്‍ പറയുന്നു.
പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി സൗജന്യമായി നല്‍കുന്ന ഭക്ഷ്യധാന്യങ്ങളും അന്ത്യോദയ അന്ന യോജന പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണവും മോഡിയുടെ ചിത്രം ആലേഖനം ചെയ്ത സഞ്ചി വഴിയാക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യമാകെ പദ്ധതി നടപ്പിലാക്കാനാണ് എഫ്‌സിഐ തീരുമാനം. 

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയമാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. തീരുമാനം വന്നതിന് തൊട്ടുപിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മോഡി ചിത്രം പതിപ്പിച്ച ബാഗുകള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ നടപടി ആരംഭിച്ചു. രാജസ്ഥാന്‍ 13.29 കോടി രൂപയാണ് ബാഗ് വാങ്ങുന്നതിന് ആദ്യഘട്ടമായി നീക്കിവച്ചതെന്ന് വിവരാവകാശ നിയമം അനുസരിച്ച് ലഭിച്ച മറുപടി ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. രാജസ്ഥാന്‍ 1.07 കോടി ബാഗുകളാണ് ആദ്യം ഓര്‍ഡര്‍ ചെയ്തിരിക്കുന്നതെന്ന് വിവരാവകാശ പ്രവര്‍ത്തകനായ അജയ് ബോസ് പറഞ്ഞു. 12.37 രൂപ നിരക്കിലാണ് ബാഗുകള്‍ വാങ്ങുന്നത്. അഞ്ച് കമ്പനികളാണ് രാജസ്ഥാനില്‍ ടെന്‍ഡറില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. 

നാഗാലാന്‍ഡ് 9.30 രൂപ ചെലവഴിച്ചാണ് ബാഗുകള്‍ വാങ്ങുക. തമിഴ്‌നാടും ബാഗ് വാങ്ങുന്നതിന് അനുമതി നല്‍കി കഴിഞ്ഞു. 1.14 കോടി ബാഗുകളാണ് സംസ്ഥാനം വാങ്ങുക. കേരളത്തില്‍ മോഡി ചിത്രം ആലേഖനം ചെയ്ത സഞ്ചി വഴി റേഷന്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ പശ്ചിമ ബംഗാളും ഇതേ നിലപാട് സ്വീകരിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തേക്കുള്ള റേഷന്‍ വിതരണത്തിനുള്ള ഫണ്ട് തടഞ്ഞുവച്ചാണ് മോഡി സര്‍ക്കാര്‍ പ്രതികാരം തീര്‍ത്തത്. 2021ല്‍ കോവിഡ് കാലത്ത് കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ മോഡിയുടെ ചിത്രം ആലേഖനം ചെയ്തത് വ്യാപക വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു. സ്വതന്ത്ര ഭാരതത്തില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് സൗജന്യ ഭക്ഷ്യധാന്യ വിതരണ സഞ്ചിയില്‍ പ്രധാനമന്ത്രിയുടെ ചിത്രം. 

Eng­lish Summary:Crores are being spent on bags with Mod­i’s pic­ture on them

You may also like this video

Exit mobile version