ആഡംബരക്കാറുകളുടെ ഇറക്കുമതിയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ വ്യാപാരി അറസ്റ്റില്‍. ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആഡംബര കാർ വ്യാപാരിയായ ബഷാരത് ഖാനാണ് പിടിയിലായത്. 25 കോടി രൂപയാണ് ഇയാൾ കസ്റ്റംസ് തീരുവ ഇനത്തിൽ വെട്ടിച്ചതെന്ന് കണ്ടെത്തി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗമാണ് (DRI) ഇയാളെ അറസ്റ്റ് ചെയ്തത്. മുൻനിര ആഡംബര കാറുകൾ ഇറക്കുമതി ചെയ്താണ് തട്ടിപ്പ്. കാറുകളുടെ വില പകുതിയോളം കാണിച്ചാണ് ഇയാൾ പണം വെട്ടിച്ചത്. ഉയർന്ന കസ്റ്റംസ് തീരുവ അടയ്ക്കുന്നത് ഒഴിവാക്കാനായി വ്യാജ രേഖകളും വില കുറഞ്ഞ ഇൻവോയ്സുകളും ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു.
അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇയാൾ വില കൂടിയ കാറുകൾ ഇറക്കുമതി ചെയ്തിരുന്നത്. കാറുകൾ ദുബായ്, ശ്രീലങ്ക വഴിയാണ് എത്തിക്കുകയും ഇവിടെവെച്ച് ലെഫ്റ്റ് ഹാൻഡ് ഡ്രൈവിങ് സിസ്റ്റം റൈറ്റ് ഹാൻഡ് ഡ്രൈവിങ്ങിലേക്കു മാറ്റുകയും ചെയ്തു. തുടർന്ന് ദുബായിൽ നിന്നും ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് എത്തിക്കുകയായിരുന്നു. മുപ്പതിലധികം ആഡംബര വാഹനങ്ങളാണ് ഇയാൾ ഇതുവരെ ഇത്തരത്തിൽ ഇറക്കുമതി ചെയ്തത്. ഹമ്മർ ഇവി, കാഡിലാക് എസ്കലാഡേ, റോൾസ് റോയ്സ്, ലക്സസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ, ലിങ്കൺ നാവിഗേറ്റർ തുടങ്ങിയ വാഹനങ്ങളാണ് കൂടുതലും ഇറക്കുമതി ചെയ്തിരുന്നത്. കഴിഞ്ഞ 10 വർഷമായി ഇയാൾ കാർ വിൽപ്പന നടത്തുന്നുണ്ടെന്നാണ് വിവരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാർ വിൽപ്പനയ്ക്കായി ഇയാൾ ഏജന്റുമാരേയും നിയമിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ ഖാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

