Site icon Janayugom Online

കോടികളുടെ പ്രവാസി ആശ്വാസധനം കെട്ടിക്കിടക്കുന്നു

വിദേശത്തു മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങള്‍ക്കു ലഭിക്കാനുള്ള കോടികള്‍ സംസ്ഥാനത്തെ കളക്ടറേറ്റുകളില്‍ കെട്ടിക്കിടക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണമൂലം മരണമടഞ്ഞ ആറായിരത്തിലേറെ മലയാളികളുടെ കുടുംബങ്ങള്‍ക്കുള്ള ആശ്വാസധനവും ഇതില്‍ ഉള്‍പ്പെടുന്നു. ട്രഷറികളില്‍ അനാഥമായിക്കിടക്കുന്ന ഈ തുക അവകാശികള്‍ക്കു വിതരണം ചെയ്യാന്‍ കാര്യമായ നടപടികളുമുണ്ടാകുന്നില്ല. ഈ തുക നിശ്ചിത കാലപരിധി നിര്‍ണയിച്ച് വകമാറ്റി ചെലവഴിക്കാനുള്ള നീക്കം നടക്കുന്നുവെന്നും സൂചനയുണ്ട്. 

പ്രവാസലോകത്തു മരിക്കുന്നയാളുടെ ശമ്പളകുടിശിക, ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ അതാതു രാജ്യത്തെ ഇന്ത്യന്‍ എംബസികള്‍ ശേഖരിച്ച് നാട്ടിലെ കളക്ടറേറ്റുകളിലേക്ക് അയയ്ക്കുകയാണ് രീതി. ഈ തുക മരണമടഞ്ഞവരുടെ അവകാശികള്‍ക്ക് കളക്ടറേറ്റുകള്‍ മുഖേന ട്രഷറികള്‍ വിതരണം ചെയ്യും. മരണമടയുന്നവരുടെ അനന്തരാവകാശികള്‍ക്ക് തുക വിതരണം ചെയ്യണമെന്ന കത്തും എംബസികള്‍ ആശ്വാസധനത്തിന്റെ ചെക്കിനൊപ്പം അയയ്ക്കും. 

മരണപ്പെട്ടയാളുടെ പാസ്പോര്‍ട്ടിലെ വിലാസത്തിലാകും തുക വിതരണം ചെയ്യേണ്ടത്. ഈ വിലാസത്തില്‍ ഒരു കത്ത് അനന്തരാവകാശികള്‍ക്കും അയയ്ക്കും.
എന്നാല്‍ പാസ്പോര്‍ട്ടിലുള്ള വിലാസത്തിലായിരിക്കില്ല മിക്ക അനന്തരാവകാശികള്‍ ഇപ്പോള്‍ താമസിക്കുന്നത്. പാസ്പോര്‍ട്ട് എടുത്ത കാലത്തെ വിലാസത്തിലായിരിക്കില്ല അനന്തരാവകാശികളെന്നതിനാല്‍ എംബസിയില്‍ നിന്നും കളക്ടറേറ്റുകളില്‍ നിന്നുമുള്ള കത്തുകള്‍ വിലാസക്കാരനെ കാണാതെ മടങ്ങുകയാണ് പതിവ്. അനന്തരാവകാശികള്‍ക്കാകട്ടെ തങ്ങള്‍ക്കു ലഭിക്കാനുള്ള തുകയെക്കുറിച്ച് അറിവുപോലും ഉണ്ടാകില്ല. 

ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വന്ന ചില പോസ്റ്റുകളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അനാഥ പ്രവാസികുടുംബങ്ങള്‍ക്കു ലഭിക്കേണ്ട കോടികള്‍ ഇപ്രകാരം ട്രഷറികളില്‍ കെട്ടിക്കിടക്കുന്നതായി അറിവായത്. ഏറ്റവുമധികം പ്രവാസി കേന്ദ്രീകരണമുള്ള മലപ്പുറത്തും കോഴിക്കോടും കാസര്‍കോടും കോട്ടയത്തും പത്തനംതിട്ടയിലുമാണ് കോടികള്‍ മേല്‍വിലാസക്കാരെ കാത്ത് കെട്ടിക്കിടക്കുന്നതെന്ന് ഈ കളക്ടറേറ്റുകളില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. കോവിഡ് മരണ പശ്ചാത്തലത്തില്‍ ഈ കോടികള്‍ പിന്നെയും ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. നഷ്ടപരിഹാരത്തുക ലഭിക്കാത്തതിനാല്‍ ഈ അനാഥകുടുംബങ്ങള്‍ പട്ടിണിയിലും.
അവകാശികളെ കണ്ടെത്താന്‍ മാധ്യമങ്ങളിലൂടെയും കളക്ടറേറ്റുകളിലും നോര്‍ക്ക എന്നിവയുടെ വെബ്സെെറ്റുകളിലൂടെയും പാസ്പോര്‍ട്ടിലെ ചിത്രം സഹിതം പ്രചരണം നല്കിയാല്‍ തീരാവുന്നതേയുള്ളു പ്രശ്നം. അവകാശികളെ തേടി ഒരു ഉത്തരവുതന്നെ ഇറക്കിയാല്‍ അത്താണി നഷ്ടപ്പെട്ട എല്ലാ അനാഥ കുടുംബങ്ങളും ആശ്വാസധനം കെെപ്പറ്റാന്‍ മുന്നോട്ടുവരികയും ചെയ്യും എന്നാണ് വിലയിരുത്തല്‍. 

ENGLISH SUMMARY:crores of relief fund of expatriates
You may also like this video

Exit mobile version