Site iconSite icon Janayugom Online

പ്രണയം സഫലമാക്കാൻ അതിർത്തി കടന്നു; പാകിസ്താനിൽ നിന്ന് കാൽനടയായി ഗുജറാത്തിലെത്തിയ കമിതാക്കളെ ബിഎസ്എഫ് പിടികൂടി

വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് രാജ്യാതിർത്തി കടന്നെത്തിയ കമിതാക്കളെ ബി എസ് എഫ് പിടികൂടി. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഇന്ത്യ‑പാകിസ്ഥാൻ അതിർത്തിയിലേക്ക് കാൽനടയായി യാത്ര ചെയ്തെത്തിയ പാകിസ്താൻ സ്വദേശികളായ കമിതാക്കളെയാണ് സുരക്ഷാ സേന പിടികൂടിയത്. പാകിസ്താനിലെ ഒരു ഗ്രാമത്തിൽ നിന്ന് ഞായറാഴ്ച രാത്രിയാണ് പോപ്പറ്റും ഗൗരിയും പലായനം ചെയ്തത്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് എട്ട് കിലോമീറ്റർ മാത്രം അകലെയുള്ള പാകിസ്താനി ഗ്രാമത്തിൽ നിന്നാണ് ഇവർ കാൽനടയായി യാത്ര തിരിച്ചത്. കച്ച് ജില്ലയിലെ ഇന്ത്യ‑പാകിസ്ഥാൻ അതിർത്തിയിലെത്തിയ ഇവരെ പട്രോളിംഗ് നടത്തുകയായിരുന്ന ബി എസ് എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 1016-ാം നമ്പർ പില്ലറിന് സമീപത്ത് വെച്ചാണ് ഇരുവരും പിടിയിലായത്.

കുടുംബങ്ങൾ വിവാഹത്തിന് എതിരായതിനാൽ ഒളിച്ചോടിയതാണെന്ന് ചോദ്യം ചെയ്യലിൽ ദമ്പതികൾ അധികൃതരോട് പറഞ്ഞു. ഈ സംഭവത്തിൽ ഇതുവരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ല. ബന്ധപ്പെട്ട ഏജൻസികൾ കൂടുതൽ അന്വേഷണം നടത്തുമെന്നും ബലാസോർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഒക്ടോബർ എട്ടിന് സമാനമായ രീതിയിൽ രണ്ട് പേരെ അതിർത്തിയിൽ വെച്ച് കസ്റ്റഡിയിലെടുത്തിരുന്നു.

Exit mobile version