Site iconSite icon Janayugom Online

കിരീടമുയര്‍ത്തി ചെമ്പട; ഫുള്‍ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗിന്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടമുയര്‍ത്തി ലിവര്‍പൂള്‍. ലീഗിലെ അവസാന മത്സരത്തില്‍ സമനില വഴങ്ങിയെങ്കിലും ചെമ്പട നേരത്തെ കിരീടമുറപ്പിച്ചിരുന്നു. അവസാന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോട് 1–1ന് സമനില പാലിക്കുകയായിരുന്നു. 38 കളിയിൽ 25 ജയമടക്കം 84 പോയിന്റുമായാണ് ലിവര്‍പൂള്‍ സീസണ്‍ അവസാനിപ്പിച്ചത്. 2020ലാണ് ലിവര്‍പൂള്‍ അവസാനമായി പ്രീമിയര്‍ ലീഗ് കിരീടമുയര്‍ത്തിയത്. ലിവര്‍പൂളിന്റെ മുഹമ്മദ് സലാ 29 ഗോളും 18 അസിസ്റ്റുമായി ഗോൾഡൺ ബൂട്ട് സ്വന്തമാക്കി. അതേസമയം അവസാന മത്സരത്തിലെ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടി. ഫുള്‍ഹാമിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോള്‍ വിജയം സിറ്റി നേടി. ഇക്കായി ഗുണ്ടോഗന്‍, എര്‍ലിങ് ഹാളണ്ട് എന്നിവരാണ് സിറ്റിക്കായി ഗോളുകള്‍ നേടിയത്. ഇതോടെ 38 മത്സരങ്ങളില്‍ നിന്ന് 71 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് സിറ്റി ഫിനിഷ് ചെയ്തത്. അവസാന മത്സരത്തില്‍ എവര്‍ട്ടണിനോട് തോല്‍വി വഴങ്ങിയെങ്കിലും ന്യൂകാസില്‍ യുണൈറ്റഡ് അവസാന അഞ്ചില്‍ ഇടംപിടിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് എവര്‍ട്ടണ്‍ ന്യൂകാസിലിനെ പരാജയപ്പെടുത്തിയത്. ആസ്റ്റണ്‍ വില്ലയ്ക്കും ന്യൂകാസിലിനും 66 പോയിന്റ് വീതമാണ്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ന്യൂകാസില്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത ഉറപ്പാക്കി. 

മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ സതാംപ്ടണെ തോല്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വിജയം. 89–ാം മിനിറ്റിൽ ഒഡെഗാർഡ് നേടിയ ഗോളാണ് വിജയം സമ്മാനിച്ചത്. 84 പോയിന്റുള്ള ലിവർപൂളിന് പിന്നിൽ 74 പോയിന്റുമായാണ് ആഴ്സണൽ രണ്ടാം സ്ഥാനം ഉറപ്പിച്ചത്. മറ്റു മത്സരങ്ങളിൽ എഎഫ്‍സി ബേൺമൗത്ത് ലെസ്റ്റർ സിറ്റിയെയും (2–0), വെസ്റ്റ്ഹാം യുണൈറ്റഡ് ഇപ്സ്‌വിച്ച് ടൗണിനെയും (3–1), ബ്രൈട്ടൺ ടോട്ടനം ഹോട്സ്പറിനെയും (4–1) തോല്പിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് ലിവർപൂൾ, ആഴ്സണൽ, മാഞ്ചസ്റ്റര്‍ സിറ്റി, ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് എന്നീ ടീമുകളാണ് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയവര്‍. യുവേഫ യൂറോപ്പ ലീ​ഗിലേക്ക് ആസ്റ്റൺ വില്ല, ക്രിസ്റ്റൽ പാലസ് ടീമുകൾ യോ​ഗ്യത നേടി.

Exit mobile version