പാശ്ചാത്യ ഉപരോധത്തെത്തുടര്‍ന്ന് റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഇന്ത്യയിലേക്കുള്ള ഒഴുക്ക് വര്‍ധിച്ചതോടെ ഒപെക് രാജ്യങ്ങളുടെ വിഹിതം കുറയുന്നു. കഴിഞ്ഞമാസം ഇന്ത്യയിലേക്കെത്തിയെ ക്രൂഡോയിലിന്റെ 46 ശതമാനം മാത്രമാണ് പെട്രോളിയം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് ഇന്ത്യ വാങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇത് 72 ശതമാനമായിരുന്നു. എനര്‍ജി കാര്‍ഗോ ട്രാക്കറായ വോര്‍ട്ടെക്സയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
ഒരുകാലത്ത് ഇന്ത്യക്ക് ആവശ്യമായ ക്രൂഡോയിലിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്തിരുന്നത് ഒപെക് രാജ്യങ്ങളില്‍ നിന്നായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഉക്രെയ‌്നില്‍ നടത്തിയ അധിനിവേശത്തിന് പിന്നാലെ റഷ്യ ഇന്ത്യയ്ക്കുള്ള ഇന്ധന വില കുറച്ചതോടെയാണ് മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത്.
കഴിഞ്ഞ ഏഴ് മാസമായി ഇന്ത്യക്ക് ആവശ്യമായ ക്രൂഡോയിലിന്റെ മൂന്നിലൊന്നില്‍ അധികവും റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ധനത്തിനായി ഇന്ത്യ ആശ്രയിച്ചിരുന്ന ഇറാഖിലും സൗദിയിലും നിന്ന് വാങ്ങുന്നതിന്റെ ഇരട്ടിയാണ് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.
ഇന്ത്യന്‍ ഇറക്കുമതിയില്‍ ഒരു ശതമാനത്തില്‍ താഴെമാത്രമായിരുന്ന റഷ്യന്‍ സ്വാധീനം കഴിഞ്ഞ മാസം 36 ശതമാനമായി. പ്രതിദിനം 1.67 ബാരലാണ് റഷ്യയില്‍ നിന്ന് കഴിഞ്ഞമാസം ഇറക്കുമതി ചെയ്തത്. 2017–18 മുതല്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ഇന്ധനം നല്‍കിയ ഇറാഖിനെ മറികടന്ന് റഷ്യ മുന്നിലെത്തിയത് മാര്‍ച്ച് മാസത്തിലാണ്. ഇന്ത്യയിലേക്കുളള ഇന്ധന ഇറക്കുമതിയില്‍ ഇറാഖും സൗദിയും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
വോര്‍ട്ടെക്സയുടെ കണക്കനുസരിച്ച് 2022 മാര്‍ച്ചില്‍ പ്രതിദിനം 68,600 ബാരല്‍ ഇന്ധനം റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തുവെങ്കില്‍ ഏപ്രിലില്‍ 16,78,000 ആയി വര്‍ധിച്ചു.
English Summary; Crude Oil Imports: OPEC Share Drops; Russian oil is flowing
You may also like this video