Site iconSite icon Janayugom Online

സമ്പദ്ഘടനയ്ക്ക് വെല്ലുവിളിയായി ക്രൂഡ് ഓയില്‍ വിലക്കയറ്റം; ഇറക്കുമതി ചെലവ് ഇരട്ടിയായി

crude oilcrude oil

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവ് ഇരട്ടിയോളമായി ഉയര്‍ന്നു. 2021–22 സാമ്പത്തിക വര്‍ഷത്തില്‍ 119 ബില്യണ്‍ ഡോളറാ(9,10,058.45 കോടി രൂപ)ണ് രാജ്യം ക്രൂഡ് ഓയില്‍ ഇറക്കുമതിക്കുവേണ്ടി ചെലവഴിച്ചതെന്ന് കേന്ദ്ര ഓയില്‍ മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്ലി(പിപിഎസി)ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഇത് 62.2 ബില്യണ്‍ ഡോളറായിരുന്നു. 

എണ്ണ ഇറക്കുമതിയിലും ഉപയോഗത്തിലും ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. ആഗോളതലത്തില്‍ എണ്ണയുടെ ആവശ്യം വര്‍ധിച്ചതും റഷ്യ‑ഉക്രെയ്‌ന്‍ ഏറ്റുമുട്ടലും കാരണം ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ഇതിനുവേണ്ടി ചെലവഴിക്കുന്ന തുകയില്‍ ഇരട്ടിയോളം വര്‍ധനവുണ്ടായതിന് ഇടയാക്കിയത്. രാജ്യത്തുള്ള എണ്ണ ആവശ്യങ്ങളുടെ 85.5 ശതമാനവും ഇറക്കുമതിയിലൂടെയാണ് ഇന്ത്യ സംഭരിക്കുന്നത്. 

ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ മാത്രം എണ്ണ ഇറക്കുമതിക്കുവേണ്ടി രാജ്യം ചെലവഴിച്ചത് 13.7 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ഇത് 8.4 ബില്യണ്‍ ഡോളറായിരുന്നു. എണ്ണയ്ക്കുവേണ്ടിയുള്ള അധിക ധനവിനിയോഗം വ്യാപാരക്കമ്മിയിലും സമ്പദ്ഘടനയിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. 212.2 ദശലക്ഷം ടണ്‍ ക്രൂഡ് ഓയിലാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത്. 2020–21 സാമ്പത്തിക വര്‍ഷത്തില്‍ 196.5 ദശലക്ഷം ടണ്ണായിരുന്നു ഇറക്കുമതി. 

കോവിഡിന് മുമ്പ് 2019–20 സാമ്പത്തിക വര്‍ഷത്തില്‍ 227 ദശലക്ഷം ടണ്ണായിരുന്നു രാജ്യത്തേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി. പക്ഷെ, അതിനുവേണ്ടി ചെലവഴിക്കേണ്ടിവന്നത് 101.4 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. 2021–22ല്‍, 202.7 ദശലക്ഷം ടണ്‍ പെട്രോളിയം ഉല്പന്നങ്ങളാണ് ഇന്ത്യയില്‍ ഉപയോഗിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷം ഇത് 194.3 ദശലക്ഷം ടണ്ണായിരുന്നു. കോവിഡിന് മുമ്പ്, 2019–20 വര്‍ഷത്തില്‍ 214.1 ദശലക്ഷം ടണ്ണായിരുന്നു രാജ്യത്ത് പെട്രോളിയം ഉല്പന്നങ്ങളുടെ ഉപയോഗം. 

Eng­lish Summary:Crude oil infla­tion pos­es chal­lenge to economy
You may also like this video

Exit mobile version