അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ കുത്തനെ ഇടിവുണ്ടായെങ്കിലും ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വിലകുറയില്ല. എണ്ണയുടെ ചില്ലറ വില്പനവില നിശ്ചയിക്കുന്നതിലെ മാനദണ്ഡമാണ് രാജ്യത്ത് തിരിച്ചടിയാകുന്നത്. അന്താരാഷ്ട്രവിലയുടെ 15 ദിവസത്തെ ശരാശരിയനുസരിച്ചാണ് ആഭ്യന്തര വിപണി വില നിശ്ചയിക്കുന്നത്. അതുകൊണ്ട് അന്താരാഷ്ട്ര വിലയിലെ ഇടിവ് അധികദിവസം നീണ്ടുനിന്നാൽ മാത്രമേ പെട്രോൾ, ഡീസൽ വില കുറയൂ.
കോവിഡ് വകഭേദമായ ഒമിക്രോൺ വ്യാപനത്തെ തുടർന്നാണ് വെള്ളിയാഴ്ച മുതൽ അന്താരാഷ്ട്ര മാർക്കറ്റിൽ വിലയിടിഞ്ഞത്. എന്നാൽ വെള്ളിയാഴ്ചയിലെ ഇടിവ് കഴിഞ്ഞ രണ്ടാഴ്ചയിലെ ശരാശരിയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല. അതിനാൽ നിരക്കിലെ ഇടിവ് കുറച്ച് ദിവസത്തേക്ക് കൂടി നിലനിന്നാലേ ചില്ലറ വിലകളിൽ കുറവുണ്ടാകൂ എന്ന് എണ്ണക്കമ്പനിവൃത്തങ്ങൾ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ ദിവസേന പെട്രോൾ, ഡീസൽ വില പുതുക്കാറുണ്ടെങ്കിലും ആഗോളവിലയുടെ 15 ദിവസ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഈ പരിഷ്കരണം. നവംബർ 25 വരെയുള്ള ദിവസങ്ങളിൽ ബാരലിന് 80–82 ഡോളർ ആയിരുന്നു വില. രണ്ടു ദിവസത്തെ ഇടിവ് ശരാശരിയില്‍ വലിയ കുറവ് വരുത്തില്ല.
ക്രൂഡ് ഓയിലിന് കുറയുന്ന വിലയുടെ ആനുകൂല്യം എണ്ണ കമ്പനികൾ ജനങ്ങൾക്ക് നിലവിൽ ലഭ്യമാക്കിയാൽ രണ്ട് മുതൽ മൂന്ന് രൂപ വരെ കുറവ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ, 15 ദിവസ ശരാശരിക്ക് പുറമേ, ഡോളറിനെതിരെ രൂപയുടെ നിരക്ക് കുറഞ്ഞാലും ക്രൂഡ് ഓയിൽ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് ലഭ്യമാവില്ല. ഡോളർ വിനിമയ നിരക്ക്, കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതി, ഇന്ധന ആവശ്യകത എന്നിവയും വില നിര്‍ണയഘടകങ്ങളാണ്.
english summary;Crude oil prices fall; Petrol prices will not go down in India
you may also like this video;