Site icon Janayugom Online

അസംസ്കൃത എണ്ണ: ബാരലിന് 300 ഡോളര്‍ വിലയെത്തുമെന്ന് റഷ്യ

crude oil

റഷ്യന്‍ എണ്ണയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ ക്രൂഡ് ഓയില്‍ ബാരലിന് 300 ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്ന മുന്നറിയിപ്പുമായി റഷ്യ. ഉക്രെയ്നും റഷ്യയും തമ്മിലുള്ള മൂന്നാംഘട്ട ചര്‍ച്ച കഴിഞ്ഞിട്ടും സ്ഥിതിഗതികളില്‍ വലിയ മാറ്റമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ബ്രെന്റ് ക്രൂഡോയിലിന് റെക്കോര്‍ഡ് വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണയില്‍ ഒരു ബാരലിന് 139 ഡോളറാണ് ഇപ്പോഴത്തെ വില. ഒരു ദിവസം കൊണ്ടാണ് ബാരലിന് 124 ഡോളര്‍ എന്നതില്‍ നിന്ന് 139 ഡോളറിലേക്ക് കുതിച്ചുചാട്ടമുണ്ടായത്. യുഎസ് ക്രൂഡിന്റെ വില 0.4 ശതമാനം ഉയര്‍ന്ന് ബാരലിന് 119.86 ഡോളര്‍ എന്ന നിരക്കിലേക്ക് എത്തി.

ഉക്രെയ്ന്‍ അധിനിവേശത്തിന് മറുപടിയായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിക്കുന്നതിനെക്കുറിച്ച് അമേരിക്കയും യൂറോപ്യൻ സഖ്യകക്ഷികളും ആലോചിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞതിന് പിന്നാലെയാണ് ക്രൂഡ് ഓയിൽ വില കുതിച്ചുകയറിയത്. 2008 ന് ശേഷമുള്ള റെക്കോഡ് നിരക്കിലാണിപ്പോള്‍ എണ്ണവില.

റഷ്യയില്‍ നിന്നുള്ള ഊര്‍ജ വിതരണം വെട്ടികുറയ്ക്കുമെന്ന രാജ്യങ്ങളുടെ ഭീഷണി തുടരുകയാണെങ്കില്‍ റഷ്യ‑ജര്‍മനി ഗ്യാസ് പൈപ്പ്‌ലൈന്‍ അടയ്ക്കാന്‍ സാധ്യതയുണ്ടെന്ന് റഷ്യന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി അലക്സാണ്ടര്‍ നൊവാക് പറഞ്ഞു. റഷ്യൻ എണ്ണയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ആഗോള വിപണിയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

Eng­lish Sum­ma­ry: Crude oil: Rus­sia says it will reach $ 300 a barrel

You may like this video also

Exit mobile version