ഹോംവർക്ക് ചെയ്യാത്തതിൻ്റെ പേരിൽ നാല് വയസ്സുകാരനെ സ്കൂൾ വളപ്പിലെ മരത്തിൽ കെട്ടിത്തൂക്കി ക്രൂരമായി ശിക്ഷിച്ച രണ്ട് അധ്യാപികമാർ. ഛത്തീസ്ഗഡിലെ സുരാജ്പുരിലെ നാരായൺപുർ ഗ്രാമത്തിലുള്ള ഹൻസ് വാഹിനി വിദ്യാമന്ദിർ എന്ന സ്കൂളിലാണ് സംഭവം. കുട്ടിയെ മണിക്കൂറുകളോളം കെട്ടിത്തൂക്കിയെന്നാണ് റിപ്പോർട്ട്. കുട്ടി ഹോംവർക്ക് ചെയ്യാതെ വന്നതോടെ അധ്യാപികമാരായ കാജൽ സാഹു, അനുരാധ ദേവാംഗൻ എന്നിവർ ചേർന്ന് കുട്ടിയെ ക്ലാസിനു പുറത്തേക്കു കൊണ്ടുപോവുകയും ഷർട്ടിൽ കയർ കെട്ടി മരത്തിൽ കെട്ടിത്തൂക്കുകയുമായിരുന്നു. കുട്ടിയുടെ പേടിച്ച് നിലവിളിക്കുന്നതും നിലത്തിറക്കാൻ ആവശ്യപ്പെടുന്നതുമായ ദൃശ്യങ്ങൾ തൊട്ടടുത്ത കെട്ടിടത്തിലുണ്ടായിരുന്നയാൾ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തുവന്നത്.
വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്കൂളിലെത്തി അന്വേഷണം നടത്തി. അന്വേഷണ റിപ്പോർട്ട് ജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് അയച്ചതായി ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ സംഭവത്തിൽ മാപ്പു പറഞ്ഞിട്ടുണ്ട്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. അധ്യാപികമാർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

