Site icon Janayugom Online

ക്രൂയീസ് മയക്കുമരുന്നുവേട്ട: ഷാരൂഖാന്റെ മകനെ ചോദ്യം ചെയ്യുന്നു

NCB

മുംബൈ തീരത്ത് ആഡംബര കപ്പലില്‍ മയക്കുമരുന്ന പാര്‍ട്ടി നടത്തിയ കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്യുന്നു. താരത്തിന്റെ മകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ പിടിയലായതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസിലാണ് എന്‍സിബി സംഘം റെയ്ഡ് നടത്തിയത്. കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. എന്‍സിബി സംഘം ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നും ആര്യന്‍ ഖാനെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നും എന്‍സിബിയുടെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് കോര്‍ഡിലിയ ക്രൂയിസ് തുറന്നുകൊടുത്തത്. അറസ്റ്റിലായവരെ ചോദ്യം ചെയ്യുകയാണ്. നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്റ്റ് പ്രകാരം കുറ്റം ചുമത്തി അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറി.

കപ്പല്‍ മുംബൈ തീരത്തുനിന്ന് നടുക്കടലില്‍ എത്തിയപ്പോള്‍ റേവ് പാര്‍ട്ടി ആരംഭിച്ചു. എന്‍സിബി ഉദ്യോഗസ്ഥര്‍ ഉടന്‍ നടപടി ആരംഭിക്കുകയും ചെയ്തു. പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. റെയ്ഡ് ഏഴുമണിക്കൂര്‍ നീണ്ടുനിന്നു. ഒക്ടോബര്‍ 2 മുതല്‍ നാല് വരൊണ് കപ്പലില്‍ പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. സംഗീത പരിപാടി എന്ന നിലയിലാണ് ഇത് സംഘടിപ്പിച്ചത്. പരിപാടിയുടെ നൂറോളം ടിക്കറ്റുകളാണ് വിറ്റ് പോയത്. ബോളിവുഡ്, ഫാഷന്‍, ബിസിനസ്സ് മേഖലകളില്‍ നിന്നുള്ള ആളുകളുമായി മൂന്ന് ദിവസത്തെ ‘സംഗീത യാത്രയ്ക്ക്’ പുറപ്പെടുന്ന മുംബൈയിലെ ഒരു ക്രൂയിസ് കപ്പലിലാണ് കഴിഞ്ഞ ശനിയാഴ്ച പാര്‍ട്ടി നടന്നത്. ക്രൂയിസില്‍ പിടിച്ചെടുത്ത നിരോധിത മയക്കുമരുന്ന് വസ്തുക്കളുടെ വിവരത്തെ അടിസ്ഥാനമാക്കിയാണ് റെയ്ഡ് നടത്തിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ക്രൂയിസ് കപ്പലില്‍ ഒരു റേവ് പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന്, സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എന്‍സിബി സംഘം കപ്പലില്‍ കയറി തിരച്ചില്‍ നടത്തിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ദിവസത്തെ ക്രൂയിസ് യാത്രയില്‍ സംഘാടകര്‍ അതിഥികള്‍ക്ക് വാഗ്ദാനം ചെയ്ത പരിപാടിയുടെ വിശദാംശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കപ്പല്‍ മുംബൈയില്‍ നിന്ന് ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെട്ട് അറബിക്കടലില്‍ യാത്ര ചെയ്ത ശേഷം ഒക്ടോബര്‍ 4 ന് രാവിലെ 10 മണിക്ക് മടങ്ങേണ്ടതായിരുന്നു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയുടെ സഹകരണത്തില്‍ ഫാഷന്‍ ടിവിയാണ് സംഗീത പരിപാടി സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

 

Eng­lish Sum­ma­ry: Cruise drug bust: Shah Rukh Khan’s son questioned

 

you may like this video also

Exit mobile version