വെല്ലിങ്ടൺ ഐലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് മതിൽ ചാടിക്കടന്നെത്തി പ്രതിഷേധിച്ച് സംവിധായിക ആയിഷ സുൽത്താന. യാത്രാക്കപ്പലുകൾ വെട്ടിക്കുറച്ചതിനെത്തുടർന്ന് ദുരിതത്തിലായ ലക്ഷദ്വീപുകാരുടെ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിലേക്കാണ് അവർ എത്തിയത്.
ലക്ഷദ്വീപിലേക്ക് പോകാനാകാതെ അഞ്ഞൂറോളംപേരാണ് കൊച്ചിയിൽ കുടുങ്ങി യത്. ഡെപ്യൂട്ടി ഡയറക്ടറെ കാണണമെന്ന ആവശ്യം നിരസിച്ച് അധികൃതർ ഗേറ്റ് പൂട്ടി. ഇതോടെയാണ് ആയിഷ സുൽത്താന മതിൽ ചാടി ഡിഡിയുടെ ഓഫീസിനുമുമ്പിലെത്തിയത്. ലക്ഷദ്വീപ് പൊലീസും കേരള പൊലീസും ചേർന്ന് തടഞ്ഞതോടെ ഓഫീസിനുമുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ ഡിഡി ചർച്ചയ്ക്ക് തയ്യാറായി. കപ്പൽ ടിക്കറ്റ് കൂടുതലായി അനുവദിക്കുന്നതിലും കൂടുതൽ കപ്പലിന് നാവികസേനയുടെയും അനുകൂല തീരുമാനമുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചശേഷമാണ് രാത്രിയോടെ ആയിഷയും സംഘവും പിൻവാങ്ങിയത്.
ഒമ്പതുമണിക്കൂറോളമാണ് ലക്ഷദ്വീപ് ഓഫീസിനുമുമ്പിൽ ഇവർ പ്രതിഷേധിച്ചത്.ലക്ഷദ്വീപ് യാത്രയ്ക്ക് ഏഴു കപ്പലുണ്ടായിരുന്നിടത്ത് ഇപ്പോൾ രണ്ടെണ്ണംമാത്രമാണുള്ളത്. നാട്ടിലേക്ക് കപ്പൽ ടിക്കറ്റ് കിട്ടാതെ നൂറുകണക്കിന് ദ്വീപുകാരാണ് കൊച്ചിയിലെ ഹോട്ടലുകളിൽ കഴിയുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിനുമുമ്പിൽ ഇവർ സംഘടിക്കുകയായിരുന്നു. ഓൺലൈൻ ടിക്കറ്റ് വിതരണം തട്ടിപ്പാണെന്നും കൗണ്ടറിലൂടെ ടിക്കറ്റ് നൽകണമെന്നും പ്രതിഷേധസംഘം ആവശ്യപ്പെട്ടു.
എന്നാൽ, ഇതുസംബന്ധിച്ച തീരുമാനമെടുക്കേണ്ടത് അഡ്മിനിസ്‌ട്രേഷനാണെന്നും രേഖാമൂലം ആവശ്യം അറിയിക്കാനും ഡിഡി പറഞ്ഞു. കപ്പലുകൾ ആവശ്യത്തിനില്ലെങ്കിൽ നാവികസേനയുടെയോ കോസ്റ്റ് ഗാർഡിന്റെയോ കപ്പലുകൾ ഉപയോഗിക്കണമെന്ന് ആയിഷ സുൽത്താന ആവശ്യപ്പെട്ടു. പുറത്ത് കാത്തുനിന്ന ദ്വീപുകാരോടും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തി രാത്രി പത്തോടെയാണ് ആയിഷയും സംഘവും പിരിഞ്ഞത്.
English Summary: Cruise ships should be allowed; Ayesha Sultana protests at Lakshadweep headquarters
You may also like this video