Site iconSite icon Janayugom Online

സാംസ്കാരിക ജന്മിത്തം ഇന്നും തുടരുന്നു: ജി സുധാകരൻ

രാഷ്ട്രിയ ജന്മിത്തം അവസാനിച്ചുവെങ്കിലും സാംസ്കാരിക ജന്മിത്തം ഇന്നും തുടരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ സാഹിത്യവും, ഭാഷയും പരുവപ്പെടുന്നതെന്നും മുൻ മന്ത്രി ജി സുധാകരൻ. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ ടി കെ സി വടുതലയുടെ ചങ്കരാന്തി അട ടെലിഫിലിം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ പല എഴുത്തുകാരിലും ചരിത്രമില്ല. എന്നാൽ ടി കെ സി വടുതലയുടെ സാഹിത്യ രചനകളിൽ ചരിത്രമുണ്ട്. ദ്രാവിഡ ഭാഷയുടെ സ്വാധീനമുണ്ട്, ഭാവി കാല പരികൽപ്പനയുണ്ട്. കേരളത്തിന്റെ ചരിത്രവും ജാതി ബോധമില്ലാത്ത കേരള സമൂഹത്തെ രൂപപ്പെടുത്താനും ടി കെ സി വടുതല അദ്ദേഹത്തിന്റെ കൃതികളിലൂടെ ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. മികച്ച പാർലമെന്റേറിയൻ കൂടിയായ ടി കെ സി വടുതല തന്റെ മുൻഗാമികളായ മഹാത്മ അയ്യൻകാളിയും, നാരായണ ഗുരുവും, കുമാരനാശാനും ഉയർത്തി പിടിച്ച വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി അവർക്ക് ശേഷം പാർലമെന്റിൽ ശബ്ദമുയർത്തിയെന്നും അദ്ദേഹം പറഞ്ഞു.

ടി കെ സി വടുതല ഫൗണ്ടേഷൻ പ്രസിഡന്റ് കെ എം ശരത്ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ജീവൻ, ഹരികുമാർ വാലേത്ത്, സംവിധായകൻ എറണാകുളം പൊന്നൻ, ടി കെ സി വടുതല ജന്മശതാബ്ദി ആഘോഷസമതി വർക്കിങ് ചെയർമാൻ ഡോ. പി എസ് രഘൂത്തമൻ, സി എ കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ചന്ദ്രഹാസൻ വടുതല സ്വാഗതവും സി കെ തെന്നൽ നന്ദിയും പറഞ്ഞു.

Exit mobile version