Site iconSite icon Janayugom Online

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോർട്ടായി അംഗീകരിച്ചതായി തുറമുഖ മന്ത്രി വി എൻ വാസവൻ അറിയിച്ചു. സെക്ഷൻ 7എ അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. ഇതോടെ കയറ്റുമതിയും ഇറക്കുമതിയും നിയമവിധേയമായി അംഗീകരിക്കപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറി. കേന്ദ്ര കസ്റ്റംസ് മന്ത്രാലയം മുന്നോട്ടുവച്ച മാർഗനിർദേശങ്ങൾ പൂർത്തീകരിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്. ഓഫിസ് സൗകര്യങ്ങൾ, കെട്ടിടങ്ങൾ, കമ്പ്യൂട്ടർ സംവിധാനം, മികച്ച സെർവർ റൂം തുടങ്ങി 12 മാർഗനിർദേശങ്ങളാണ് കസ്റ്റംസ് മുന്നോട്ടുവച്ചിരുന്നത്. ഇതെല്ലാം സമയത്ത് പൂർത്തീകരിക്കാൻ വിഴിഞ്ഞത്തിന് സാധ്യമായതോടെയാണ് അംഗീകാരം ലഭിച്ചത്. ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാനുള്ള അവസരമാണ് ഇതുവഴി വിഴിഞ്ഞത്തിന് ലഭിക്കുന്നത്. 

ഇനി സെക്ഷൻ 8, സെക്ഷൻ 45 പ്രകാരമുള്ള അംഗീകാരങ്ങളും, പോർട്ട് കോഡുമാണ് ലഭിക്കാനുള്ളത്. ഇതിനുവേണ്ട സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവർത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിൽ നിന്ന് നേരത്തെ ലഭിച്ചിരുന്നു. ഒരു കപ്പലിൽ നിന്ന് മറ്റൊന്നിലേക്ക് ചരക്കുകൾ മാറ്റിയശേഷം ചരക്കുനീക്കം നടത്തുന്ന തുറമുഖമാണ് ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട്. 

ഇന്ത്യയുടെ പ്രാദേശിക ഭാഗങ്ങളിൽ നിന്ന് ചെറുകപ്പലുകളിലെത്തുന്ന ചരക്കുകൾ/കണ്ടെയ്‌നറുകൾ വിഴിഞ്ഞത്തു വച്ച് വമ്പൻ മദർഷിപ്പുകളിലേക്ക് മാറ്റി വിദേശ തുറമുഖങ്ങളിലേക്ക് അയയ്ക്കാനാകും.
വിദേശത്തുനിന്ന് മദർഷിപ്പുകളിലെത്തുന്ന കണ്ടെയ്‌നറുകൾ വിഴിഞ്ഞത്തുവച്ച് ചെറുകപ്പലുകളിലേക്ക് മാറ്റി പ്രാദേശിക തുറമുഖങ്ങളിലേക്കും അയയ്ക്കാം. സെക്ഷൻ 7 അനുമതി കൂടി ലഭിച്ചതോടെ വലിയ സാധ്യതയാണ് വിഴിഞ്ഞത്ത് തുറക്കുന്നത്. ചരക്കുനീക്കത്തിൽ നിർണായക തുറമുഖമായി വിഴിഞ്ഞം മാറുമെന്നാണ് വിലയിരുത്തുന്നതെന്നും മന്ത്രി പറഞ്ഞു. 

Eng­lish Summary:Customs approval for Vizhin­jam port
You may also like this video

Exit mobile version