Site iconSite icon Janayugom Online

ഡോളർ കടത്ത് കേസ്; മുഖ്യ ആസൂത്രകൻ എം ശിവശങ്കര്‍, കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു

ഡോളർ കടത്തു കേസിലെ മുഖ്യ ആസൂത്രകൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ആണെന്ന് കസ്റ്റംസ് കുറ്റപത്രം.
കോൺസൽ ജനറൽ ഉൾപ്പെട്ട ഡോളർ കടത്തിനെക്കുറിച്ച് അറിഞ്ഞിട്ടും ശിവശങ്കർ മറച്ചുവെച്ചു. ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കറിന് ഒരു കോടി രൂപ കമ്മീഷൻ ലഭിച്ചു. കേസിൽ ശിവശങ്കർ ആറാം പ്രതിയാണ്. യുഎഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ്, സന്തോഷ് ഈപ്പൻ, ശിവശങ്കർ എന്നിവരാണ് മറ്റു പ്രതികൾ.
40 പേജുള്ള കുറ്റപത്രത്തിൽ ശിവശങ്കറിന്റെ പങ്കാണ് പ്രധാനമായും വിവരിച്ചിട്ടുള്ളത്. ഇവരെ പ്രതി ചേർത്ത് കസ്റ്റംസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ശിവശങ്കറിന്റെ പണമാണെന്നും കസ്റ്റംസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ലോക്കറിൽ ഉണ്ടായിരുന്നത് ലൈഫ് മിഷൻ അഴിമതിയിൽ കമ്മീഷൻ കിട്ടിയ തുകയാണ്. സംസ്ഥാന ഇന്റലിജൻസ് വിവരങ്ങൾ, അന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ സ്വപ്നക്ക് ചോർത്തി നൽകിയെന്നും കുറ്റപത്രത്തിലുണ്ട്.
ലൈഫ് യുണിടാക്ക് കമ്മീഷൻ ഇടപാടിന്റെ സൂത്രധാരൻ ശിവശങ്കറാണ്. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറൻസി കടത്തിയെന്ന സ്വപ്നയുടെ മൊഴിയും കസ്റ്റംസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2020 ജൂലൈ അഞ്ചിനാണ് സ്വപ്ന സുരേഷും സരിത്തും ഉൾപ്പെടുന്ന സ്വർണക്കടത്തുകേസ് കസ്റ്റംസ് പിടികൂടുന്നത്. ഇതിന് അനുബന്ധമായാണ് ലൈഫ് മിഷൻ ഇടപാടും ഡോളർ കടത്തു കേസും കസ്റ്റംസ് അന്വേഷിക്കുന്നത്. രണ്ടു വർഷത്തിന് ശേഷമാണ് ഡോളർ കടത്തുകേസിൽ കസ്റ്റംസ് കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സ്വർണക്കടത്തുകേസിലെ എല്ലാ ഇടപാടുകളും ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. 

Eng­lish Sum­ma­ry: cus­toms charge sheet against m sivashankar
You may also like this video

Exit mobile version