തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം ലഭിക്കാതിരിക്കാൻ കാരണം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയാണെന്ന് പി ജെ കുര്യൻ. ഉപരാഷ്ട്രപതി സ്ഥാനം ലഭിക്കാതിരിക്കാൻ ഇടപെടൽ നടത്തിയ ഉമ്മൻ ചാണ്ടി രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള തൻ്റെ ആഗ്രഹവും അവഗണിച്ചു. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തല തുടക്കത്തിൽ തനിക്കൊപ്പം നിന്നെങ്കിലും പിന്നീട് ഉമ്മൻ ചാണ്ടിക്കൊപ്പം നിന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന സത്യത്തിലേക്കുള്ള സഞ്ചാരം എന്ന പുതിയ പുസ്തകത്തിലാണ് പി ജെ കുര്യൻ ഗരുതരമായ ആരോപണം ഉന്നയിക്കുന്നത്. ഒന്നാം നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ നടന്ന രാഷ്ട്രപതി — ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തെന്ന ബിജെപി സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ മുക്താർ അബ്ബാസ് നഖ്വി തന്നെ നേരിൽ കണ്ട് അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ നഖ്വി താനുമായി രണ്ടുവട്ടം സംസാരിച്ചെന്നും പിജെ കുര്യൻ വ്യക്തമാക്കി.താൻ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് താത്പര്യമുണ്ടായിരുന്നു.
ഇക്കാര്യത്തിൽ മോഡിയുമായി സംസാരിക്കണമെന്നും മുക്താർ അബ്ബാസ് നഖ്വി തന്നോട് പറഞ്ഞിരുന്നുവെന്ന് പി ജെ കുര്യൻ വെളിപ്പെടുത്തി. ഞാൻ രാജ്യസഭയിൽ ഉണ്ടാകണമെന്നും രാജ്യസഭാ ചെയർമാൻ ആകേണ്ട വ്യക്തിയാണെന്നും കേരളത്തിലെത്തിയ വെങ്കയ്യ നായിഡു ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ ഒരിക്കൽ പറഞ്ഞു. എന്നാൽ, വെങ്കയ്യ നായിഡുവിൻ്റെ ആവശ്യം ഉമ്മൻ ചാണ്ടി തനിക്കെതിരെ ആയുധമാക്കുകയായിരുന്നുവെന്ന് പി ജെ കുര്യൻ ആരോപിച്ചു.വെങ്കയ്യ നായിഡു പങ്കുവച്ച വിവരം ഉമ്മൻ ചാണ്ടി ഗാന്ധി കുടുംബത്തിലേക്ക് എത്തിക്കുകയും തെറ്റായ രീതിയിൽ വ്യാഖ്യാനം ചെയ്യുകയും ചെയ്തുവെന്ന് പി ജെ കുര്യൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ ഈ നീക്കത്തിൽ താൻ പാർട്ടി നേതൃത്വത്തിന് മുന്നിൽ അനഭിമതനായി. മുതിർന്ന നേതാവ് കൂടിയായ എ കെ ആൻ്റണി ഈ ഘത്തിൽ തനിക്ക് വേണ്ടി ഇടപ്പെട്ടില്ലെന്നും അദ്ദേഹം പുസ്തകത്തിൽ പറയുന്നുണ്ട്. പിജെ കുര്യനെ ഒഴിവാക്കാനായി രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് ഇങ്ങോട്ട് നിർബന്ധിച്ച് നൽകുകയായിരുന്നുവെന്ന് ജോസ് കെ മാണി തന്നോട് പിന്നീട് പറഞ്ഞിരുന്നുവെന്ന് പിജെ കുര്യൻ വെളിപ്പെടുത്തി.
തങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയാണെന്നും ഒരു രാജ്യസഭാ സീറ്റ് ഇങ്ങോട്ട് വാഗ്ദാനം ചെയ്യുമ്പോൾ വേണ്ടെന്ന് വയ്ക്കാൻ സാധിക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. രാജ്യസഭാ സീറ്റിൻ്റെ കാര്യത്തിൽ ആദ്യഘട്ടം ഒപ്പം നിന്ന രമേശ് ചെന്നിത്തല പിന്നീട് നിലപാട് മാറ്റിയെന്നും പി ജെ കുര്യൻ ആരോപിച്ചു. രാഹുൽ ഗാന്ധിക്കെതിരെയും പി ജെ കുര്യൻ ഗുരുതര ആരോപണം ഉന്നയിച്ചു. മുതിർന്ന നേതാക്കളെയും യുവ നേതാക്കളെയും ഒരേ പോലെ ഒപ്പം നിർത്താൻ രാഹുലിന് കഴിയുന്നില്ല. ഇക്കാര്യത്തിൽ രാഹുൽ പരാജയമാണെന്നും അദ്ദേഹം വിമർശിച്ചു.
English Summary:Cut vice-presidential and Rajya Sabha seats; Oommen Chandy is the reason for everything and PJ Kurien is the accused
You may also like this video: