Site iconSite icon Janayugom Online

മഞ്ചേശ്വരത്ത് കിണറിനകത്ത് കാണപ്പെട്ട ഓട്ടോ ഡ്രൈവറുടെ മൃതദേഹത്തിൽ വെട്ടേറ്റ മുറിവുകൾ; കൊലപാതകമാണെന്ന് ഉറപ്പിച്ചു

മഞ്ചേശ്വരം, കുഞ്ചത്തൂർ, അടുക്കപ്പള്ള, മഞ്ഞ്മ്ഗുണ്ടെയിൽ ആൾമറയില്ലാത്ത കിണറിനകത്ത് ഓട്ടോഡ്രൈവറെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമാണെന്നത് ഉറപ്പിച്ചു. വെള്ളിയാഴ്ച കാലത്ത് 10 മണിയോടെ പുറത്തെടുത്ത മൃതദേഹത്തിൽ വെട്ടേറ്റ പാടുകൾ കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന കാര്യം പൊലീസ് ഉറപ്പിച്ചത്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജാശുപത്രിയിലേക്ക് കൊണ്ടുപോയി. കർണാടക, മുൽക്കി കൊളനാട് സ്വദേശിയും മാംഗ്ലൂരിലെ ഓട്ടോഡ്രൈവറുമായ മുഹമ്മദ് ഷെരീഫീ (55) നെ വ്യാഴാഴ്ച സന്ധ്യയോടെയാണ് മാഞ്ഞ്മ് ഗുണ്ടയിലെ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കിണറിന് സമീപത്ത് ഒരു ഓട്ടോറിക്ഷ ചെരിഞ്ഞുകിടക്കുന്ന നിലയിൽ കണ്ട് വഴിയാത്രക്കാരനാണ് കിണറിൽ മൃതദേഹം കണ്ടെത്തിയത്. കിണറിന് അരികിൽ ചോരത്തുള്ളികളും ചെരുപ്പും കണ്ടെത്തിയിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മഞ്ചേശ്വം പൊലീസ് സ്ഥലത്തെത്തി ഓട്ടോയുടെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരണപ്പെട്ടത് മുഹമ്മദ് ഷെരീഫാണെന്ന് തിരിച്ചറിഞ്ഞത്. 

ബുധനാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് മുൽക്കി പൊലീസിൽ കേസുമുണ്ടായിരുന്നു. വിവരമറഞ്ഞ് കുഞ്ചത്തൂരിലെത്തിയ ബന്ധുക്കൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട ഓട്ടോ മുഹമ്മദ് ഷെരീഫിന്റേതാണെന്ന് സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച കാലത്ത് ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ച ശേഷം ഫയർഫോഴ്സാണ് മൃതദേഹം കരക്ക് കയറ്റിയത്. ഡിവൈഎസ് പി സി കെ സുനിൽകുമാർ, ഇൻസ്പെക്ടർ ഇ അനൂപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടത്തിയത്. കൊലയാളികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 

Exit mobile version