Site iconSite icon Janayugom Online

സാഹിത്യത്തിലും സൈബര്‍ (സൈബര്‍ സാഹിത്യം)

നമ്മുടെയെല്ലാം മനസിനെ ആസ്വദിപ്പിക്കുകയാണല്ലോ വിവിധ സാഹിത്യരൂപങ്ങളുടെ ലക്ഷ്യം. നാം സംസാരിക്കുകയും എഴുതുകയും വായിക്കുകയുമൊക്കെ ചെയ്യുന്ന ഭാഷയുടെ വളര്‍ച്ചയെയാണ് വിവിധ സാഹിത്യ രൂപങ്ങള്‍ കാട്ടിത്തരുന്നത്. കൂട്ടുകാര്‍ക്ക് വ്യത്യസ്തങ്ങളായ സാഹിത്യരൂപങ്ങളെ അറിയാമല്ലോ? കഥയും കവിതയും നോവലുമെല്ലാം നമുക്ക് ഏറെ പ്രിയപ്പെട്ടവയാണ്. സാഹിത്യരൂപങ്ങളെയെല്ലാം അവയുടെ പ്രത്യേകതകളെ അടിസ്ഥാനമാക്കി പല വിഭാഗങ്ങളായി തരംതിരിക്കുന്നുണ്ട്. ആട്ടക്കഥ, തുള്ളല്‍, സന്ദേശ കാവ്യങ്ങള്‍, നാടകം, യാത്രാവിവരണം, വിമര്‍ശനം ഇവയെല്ലാം വ്യത്യസ്തകാലഘട്ടങ്ങളില്‍ രൂപപ്പെട്ടതാണ്. സാഹിത്യരൂപങ്ങള്‍ പിറവിയെടുക്കുന്നതിന് സാമൂഹികവും സാംസ്കാരികവുമായി പല കാരണങ്ങളുമുണ്ടാകാം. ജീവിതരീതിയിലുള്ള മാറ്റം, മറ്റ് ഭാഷകളുടെ സ്വാധീനം, നമ്മുടെ ഭാഷയില്‍ത്തന്നെയുണ്ടാകുന്ന മാറ്റം, കാലഘട്ടത്തിന്റെ പ്രത്യേകത, ചരിത്രപരമായ കാരണങ്ങള്‍ ഇങ്ങനെ പലതാകാം അത്. നാം ജീവിക്കുന്ന ചുറ്റുപാടുമുള്ള മാറ്റം മിക്കപ്പോഴും സാഹിത്യത്തിലെ മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കുന്നു.

സാങ്കേതികവിദ്യയുടെ വ്യാപകമായ ഉപയോഗവും അതിന്റെ സ്വാധീനവും ഇന്ന് വ്യാപകമാണല്ലോ? കൂട്ടുകാരില്‍ പലരും സ്മാര്‍ട്ട് ഫോണുകളുടെയൊക്കെ സഹായത്താല്‍ സാങ്കേതികവിദ്യയെ പഠനത്തിനും വിനോദത്തിനുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. യന്ത്രവും മനുഷ്യമനസുമാണ് ഇത്തരം അവസ്ഥയില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത്. വിവരവിനിമയ സാങ്കേതികവിദ്യയുടെ വിസ്മയിപ്പിക്കുന്ന വളര്‍ച്ചയാണ് നാം സാങ്കേതികവിദ്യയുമായി കൂടുതല്‍ അടുക്കാന്‍ കാരണം. ഇന്ന് കമ്പ്യൂട്ടറുകളാല്‍ ബന്ധിപ്പിക്കപ്പെട്ടതും ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതുമായ ഒരു വലിയ ശൃംഖലയാല്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുകയാണ് നാം. ഇത് നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതിനാല്‍ സാങ്കേതികവിദ്യയുടെ സ്വാധീനം സാഹിത്യത്തിലും പ്രത്യക്ഷപ്പെട്ടു. കൂട്ടുകാര്‍ക്ക് സൈബര്‍ എന്ന വാക്ക് സുപരിചിതമാണല്ലോ? സാങ്കേതികവിദ്യയുടെ കടന്നുവരവോടെ സാഹിത്യത്തില്‍ പുതിയൊരു മേഖലകൂടി ഉയര്‍ന്നുവന്നു. അതാണ് സൈബര്‍ സാഹിത്യം. നോവലിലും കഥയിലും കവിതയിലുമെല്ലാം ഇന്ന് സൈബര്‍ കടന്നുവരുന്നുണ്ട്. അറിയാം സൈബര്‍ ഇടം എന്ന പദം (സൈബര്‍ ഇടം എന്ന സാങ്കല്പികലോകം) സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന പുതിയലോകം തികച്ചും സാങ്കല്പികമാണ്. എന്നാല്‍ അത് ഉപയോഗിക്കുന്നവര്‍ക്ക് യാഥാര്‍ത്ഥ്യമായി അനുഭവപ്പെടുകയും ചെയ്യും. ഇതിനെയാണ് പ്രതീതി യാഥാര്‍ത്ഥ്യം എന്ന് പറയുന്നത്.

യാഥാര്‍ത്ഥ്യ പ്രതീതി സൃഷ്ടിക്കുക എന്ന് ചുരുക്കം. ഭാവനയുടേതായ ഒരു പുതിയ അന്തരീക്ഷമാണിത്. ഇതാണ് സൈബര്‍ ഇടത്തിന്റെ സവിശേഷത. സമൂഹമാധ്യമങ്ങളും നവമാധ്യമങ്ങളും ഇന്റര്‍നെറ്റും ഇ‑മെയിലും എല്ലാം ചേര്‍ന്ന വിവരവിനിമയ സാങ്കേതികവിദ്യയുടെ മാത്രമായ ലോകമാണ് സൈബര്‍ ഇടം. സൈബര്‍ സ്പെയ്സ് എന്ന വാക്ക് ആദ്യമായി അവതരിപ്പിച്ചത് 1982ല്‍ കനേഡിയന്‍ ശാസ്ത്ര കഥാകാരനായ വില്യം ഗിബ്സണ്‍ ആണ്. ബേണിങ് ക്രോം എന്ന നോവലിലാണ് സൈ­ബര്‍ സ്പെയ്സ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. പിന്നീട് സൈബര്‍ നെറ്റിക്സ്, സ്പെയ്സ് എന്നിവ കൂട്ടിയിണക്കി ‘ന്യൂറോമാന്‍സര്‍’ എന്ന ഗിബ്സന്റെ നോവലിലൂടെ ഈ പ്രയോഗം ലോകത്ത് സര്‍വസാധാരണമായി. നമ്മുടെയെല്ലാം ചിന്തകള്‍ക്ക് അപ്പുറം സങ്കീര്‍ണതകള്‍ നിറഞ്ഞ ലോകമാണ് സൈബര്‍ ഇടം എന്ന് വില്യം ഗിബ്സന്‍ പറയുന്നു. (അവസാനിക്കുന്നില്ല)

Exit mobile version