Site iconSite icon Janayugom Online

ഉക്രെയ്‍ന്‍ സെെബര്‍ ആക്രമണം; പങ്കില്ലെന്ന് റഷ്യ

ഉക്രെയ്‍ന്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും ബാങ്കുകളുടെയും ഉൾപ്പെടെ വെബ്‌സൈറ്റുകള്‍ക്കെതിരെയുള്ള സൈ­ബർ ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണം റഷ്യ നിഷേധിച്ചു. റഷ്യക്ക് ആക്രമണത്തില്‍ യാതൊരു പങ്കുമില്ല. പ്രതീക്ഷിച്ചതുപോലെ, എല്ലാത്തിനും റഷ്യയെ കുറ്റപ്പെടുത്തുന്നത് ഉക്രെയ്ൻ തുടരുന്നുവെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‍കോവ് പറ‌ഞ്ഞു. റഷ്യ. ഹൈബ്രിഡ് യുദ്ധത്തിനുള്ള നീക്കമാണ് നടത്തുന്നതെന്നും ഉക്രെയ്‍ന്‍ ആരോപിച്ചിരുന്നു.

അതേസമയം, സ്ഥിതിഗതികൾ ലഘൂകരിക്കാൻ നയതന്ത്ര ചർച്ചകൾ നടത്താനുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്നും പെസ്‍കോവ് അറിയിച്ചു. നയതന്ത്ര ചർച്ചകൾ ആരംഭിക്കാനുള്ള റഷ്യന്‍ സന്നദ്ധത യുഎസ് പ്രസിഡന്റും സ്വാഗതം ചെയ്യുന്നുവെന്നത് അനുകൂല സൂചനയാണെന്നും പെസ്‍കോവ് കൂട്ടിച്ചേര്‍ത്തു. യുഎസിൽ നിന്നും സഖ്യകക്ഷികളിൽ നിന്നുമുള്ള ഭീഷണികൾ റഷ്യക്ക് താല്പര്യമുള്ള വിഷയമല്ല. സമീപ ഭാവിയിൽ ചർച്ചകൾ സങ്കീർണമാകുമെന്നും എന്നാല്‍ അയവു വരുത്താനുള്ള ശ്രമങ്ങള്‍ റഷ്യയുടെ ഭാഗത്തുനിന്നുണ്ടാവുമെന്നും പെസ്കോവ് സൂചിപ്പിച്ചു.

ഉക്രെയ്‍നിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളായ ഓസ്‌ഷാദ്ബാങ്ക് സ്റ്റേറ്റ് സേവിങ്സ് ബാങ്കിന്റെയും പ്രിവറ്റിന്റെയും വെബ്‌സൈറ്റുകള്‍ക്കെതിരെയാണ് സൈബർ ആക്രമണം നടന്നത്. കഴിഞ്ഞ മാസവും സമാനമായ രീതിയില്‍ ആക്രമണം നേരിട്ടിരുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ബാങ്കുകളുടെ വെബ്‌സൈറ്റുകൾ പുനഃസ്ഥാപിച്ചെങ്കിലും പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പുനഃസ്ഥാപിക്കാനായിട്ടില്ല. ക്രിമിയൻ ഉപദ്വീപിലെ സൈനികാഭ്യാസങ്ങൾ അവസാനിച്ചതിനാൽ സെെനികര്‍ സേനാ താവളങ്ങളിലേക്ക് മടങ്ങുമെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു. നാറ്റോയും യുഎസും ഇപ്പോഴും റഷ്യ ആക്രമണം നടത്തുമെന്ന പ്രചാരണത്തിനിടെയാണ് സെെനികരെ റഷ്യ പിന്‍വലിച്ചത്.

eng­lish summary;Cyber attack on Ukraine; Rus­sia has no role to play

you may also like this video;

Exit mobile version