ഇന്ത്യന്‍ വെബ്സൈറ്റുകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ 261 ശതമാനം വര്‍ധന. സൈബര്‍ സുരക്ഷാ സ്ഥാപനമായ ഇന്‍ഡൂസ്ഫേസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെ മാസങ്ങളില്‍ നടന്ന സൈബര്‍ ആക്രമണങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത സൈബര്‍ ആക്രമണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 261 ശതമാനം വര്‍ധനയുണ്ടായി. അതേ സമയം ആഗോളതലത്തില്‍ 76 ശതമാനം വര്‍ധന റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യന്‍ ആപ്ലിക്കേഷനുകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ 2.5 മടങ്ങായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടിവരുന്നത് വൈദ്യുത കമ്പനികള്‍ക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ്(ഡിഡിഒഎസ്), ബോട്ട് തുടങ്ങിയ ആക്രമണരീതികള്‍ ഹാക്കര്‍മാര്‍ ഇന്ത്യന്‍ വെബ്സൈറ്റുകള്‍ക്കെതിരെ ഉപയോഗിച്ചുവരുന്നു. കൃത്രിമമായി സൃഷ്ടിച്ച ട്രാഫിക് ഉപയോഗിച്ച് തള്ളിക്കയറ്റം സൃഷ്ടിച്ച് വെബ്സൈറ്റുകള്‍ തകര്‍ക്കുന്ന ഒരു തരം സൈബര്‍ ആക്രമണമാണ് ഡിഡിഒഎസ്. 2023ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസങ്ങളില്‍ ഡിഡിഒഎസ് ആക്രമണങ്ങള്‍ 76 ശതമാനമായി കൂടി. ചെറിയ സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചാണ് ബോട്ട് രീതിയില്‍ സൈബര്‍ ആക്രമണങ്ങള്‍ നടപ്പിലാക്കുക.
ഫിനാന്‍ഷ്യല്‍ സര്‍വീസ് ആന്റ് ഇന്‍ഷുറന്‍സ് (ബിഎഫ്എസ്ഐ) ആപ്പുകള്‍, ഹെല്‍ത്ത് കെയര്‍ ആപ്പുകള്‍, എന്നിവയ്ക്ക് നേരെയാണ് ബോട്ട് ആക്രമണങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. പത്തില്‍ ഒമ്പത് ബിഎഫ്എസ്ഐ ആപ്പുകളും ബോട്ട് ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വന്‍ തോതില്‍ ഡാറ്റാ സംഭരിക്കുന്നതിനാലാണ് ഇത്തരം ആപ്പുകള്‍ ഹാക്കര്‍മാരുടെ ലക്ഷ്യമായി മാറുന്നതെന്നും പഠനങ്ങള്‍ വിലയിരുത്തുന്നു.
കമ്പനികള്‍ക്കും ആപ്പുകള്‍ക്കും പുറമെ ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളും സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നത് തുടരുകയാണ്. രാജ്യത്തെ ഏകദേശം 20 ശതമാനം, 2024 ന്റെ ആദ്യ പാദത്തിൽ സൈബർ ഭീഷണികൾക്ക് ഇരയായെന്ന് റഷ്യന്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പെര്‍സ്കിയുടെ പഠനം പറയുന്നു. വെബ് ബ്രൗസറുകളിലെയും അവയുടെ പ്ലഗ് ഇനുകളിലെയും പഴുതുകള്‍ ചൂഷണം ചെയ്താണ് സൈബർ കുറ്റവാളികൾ നുഴഞ്ഞുകയറുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫിഷിങ് ആക്രമണങ്ങളുടെ കാര്യത്തില്‍ യുഎസിനും യുകെയ്ക്കും ശേഷം ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യയിലെ സാങ്കേതിക വ്യവസായം ലോകത്താകെയുണ്ടാകുന്ന ഫിഷിങ് ആക്രമണങ്ങളുടെ 33 ശതമാനം നേരിടേണ്ടിവരുന്നതായി സെഡ്സ്കേലേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary:Cyber attacks also; 261 percent increase
You may also like this video