Site iconSite icon Janayugom Online

സൈബർ കുറ്റകൃത്യങ്ങൾ കുത്തനെ കൂടി

Cyber attackCyber attack

സൈബർ കുറ്റകൃത്യങ്ങളിൽ വലിയ വർധനവെന്ന് പൊലീസിന്റെ കണക്കുകൾ. നേരിയ വര്‍ധന മുന്‍വര്‍ഷങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തേത് വന്‍ കുതിച്ചുചാട്ടമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2016 ൽ 218 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2023ല്‍ ഇത് 3155 ആയാണ് വര്‍ധിച്ചത്. 2017- 320, 2018-340, 2019-307,2020–426,2021–626,2022–773 എന്നിങ്ങനെയാണ് മുന്‍ വര്‍ഷങ്ങളിലെ കണക്ക്. 

സാമ്പത്തിക തട്ടിപ്പ്, ലൈംഗിക ചൂഷണം തുടങ്ങി സൈബർ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്തവയിൽ ഏറെയും. കുട്ടികൾ, വിദ്യാർത്ഥികൾ, മുതിർന്നവർ, വീട്ടമ്മമാർ തുടങ്ങി തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം സൈബർ ഇടങ്ങളിൽ വർധിച്ചു വരികയാണ്. വിദേശ വിദ്യാഭ്യാസത്തിനുള്ള അവസരം, തൊഴിൽ എന്നിവ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത നിരവധി കേസുകളും ഇതില്‍ ഉള്‍പ്പെടും. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളെ കൂട്ടുപിടിച്ച് പെൺകുട്ടികളെ തെറ്റിദ്ധരിപ്പിച്ച് പീഡനത്തിനും ബ്ലാക്ക്‌മെയിലിങ്ങിനും ഇരയാക്കുന്ന സംഘങ്ങളും നാട്ടിലുണ്ട്. പണം വച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകളിൽ ആസ്വാദനം കണ്ടെത്തുന്ന കുട്ടികൾ ധനസമ്പാദനത്തിനായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തെക്കുറിച്ചും ചില പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
സൈബർ ഭീഷണി ആർക്ക് നേരെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. 

സമൂഹമാധ്യമത്തിലൂടെ ആളുകൾക്ക് ഏതൊരു ചിത്രവും വീഡിയോയും പോസ്റ്റ് ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഇത്തരത്തിൽ പുറത്ത് വിടുന്ന അശ്ലീല ചിത്രങ്ങളും വീഡിയോകളും വളരെ വേഗത്തിൽ നിരവധി പേരിലേക്ക് എത്തുകയും ചെയ്യും. പരാതി നല്കാതെ പോകുന്ന സംഭവങ്ങളും അനവധിയാണ്. ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്, ഐപിസിയിലെ വിവിധ വകുപ്പുകൾ, കേരള പൊലീസ് ആക്ട് എന്നിവ പ്രകാരം സൈബർ കുറ്റവാളികൾക്കെതിരെ കേസെടുക്കാം. എങ്കിലും പലരും സമൂഹത്തിന് മുന്നിൽ വിചാരണ ചെയ്യപ്പെടുമോ എന്ന ഭയത്താൽ പരാതി നൽകാൻ തയ്യാറാകില്ല. കേസുകൾ തീർപ്പാക്കാനെടുക്കുന്ന കാലതാമസം, കേസ് നടത്തിപ്പിൽ നേരിടേണ്ടിവരുന്ന ക്ലേശങ്ങൾ എന്നിവയും സൈബർ കേസുകളെ കൂടുതൽ സങ്കീർണമാക്കുന്നു. 

Eng­lish Summary:Cyber crime has increased sharply
You may also like this video

Exit mobile version