Site iconSite icon Janayugom Online

സൈബര്‍ തട്ടിപ്പ്: കഴിഞ്ഞവര്‍ഷം 22,845 കോടി നഷ്ടം

2024ല്‍ സൈബര്‍ തട്ടിപ്പ് വഴി ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 22,845 കോടി രൂപ. സൈബര്‍ കുറ്റവാളികള്‍ തട്ടിയെടുത്ത തുക കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 206 ശതമാനം വര്‍ധിച്ചതായും രേഖകള്‍. ലോ‌ക‌്സഭയില്‍ ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (ഐ4സി) നിയന്ത്രിക്കുന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (എന്‍സിസിപിആര്‍), സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജ്മെന്റ് സിസ്റ്റം (സിഎഫ്സിഎഫ്ആര്‍എംഎസ്) എന്നിവയിൽ നിന്നുള്ള കണക്കുകളാണിവ. 2024 ൽ രാജ്യത്തുടനീളമുള്ള സൈബർ തട്ടിപ്പ് മൂലമുള്ള ആകെ സാമ്പത്തിക നഷ്ടം 22,845.73 കോടി രൂപയാണെന്ന് സഞ്ജയ് കുമാര്‍ പറഞ്ഞു.

2023 ല്‍ സൈബര്‍ തട്ടിപ്പിലുടെ 7,465.18 കോടി രൂപയാണ് കുറ്റവാളികള്‍ കവര്‍ന്നെടുത്തത്. 2024‑ൽ എൻസിസിആർപിയിലും (സിഎഫ‌്സിഎഫ്ആര്‍എംഎസിലും ആകെ 36,37,288 സാമ്പത്തിക സൈബർ തട്ടിപ്പ് സംഭവങ്ങൾ രേഖപ്പെടുത്തിയിരുന്നു. 2023ല്‍ ഇത് 24,42,978 ആയിരുന്നു. 2022ൽ എൻസിസിആർപിയിൽ ആകെ 10,29,026 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇത് 2021 നെ അപേക്ഷിച്ച് 127.44 ശതമാനം വർധനവാണ്. 2023ൽ ആകെ 15,96,493 കേസുകളാണ് രേഖപ്പെടുത്തിയത്. ഇത് 55.15 ശതമാനം വർധനവാണ് കാണിക്കുന്നത്. 2024ല്‍ 22,68,346 കേസുകൾ റിപ്പോർട്ട് ചെയ്തു, ഇത് 42.08 ശതമാനം വർധനവാണിതെന്നും മന്ത്രി പറഞ്ഞു. 

2021 ല്‍ ആരംഭിച്ച സിഎഫ‌്സിഎഫ് ആര്‍എംഎസ് സംവിധാനം കുറ്റവാളികള്‍ ഫണ്ട് വകമാറ്റി സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നത് തടയാന്‍ ഉപകരിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട 17.82 ലക്ഷത്തിലധികം പരാതികളിൽ നിന്ന് 5,489 കോടി രൂപ തിരിച്ചുപിടിക്കാന്‍ സിഎഫ‌്സിഎഫ് ആര്‍എംഎസ് സഹായിച്ചിട്ടുണ്ട്. സൈബർ കുറ്റവാളികൾക്കെതിരായ സർക്കാർ നടപടികളെക്കുറിച്ച് വിശദീകരിച്ച മന്ത്രി, 9.42 ലക്ഷത്തിലധികം സിം കാർഡുകളും 2,63,348 ഐഎംഇഐ നമ്പരുകളും തടഞ്ഞുവച്ചതായും വെളിപ്പെടുത്തി. 

Exit mobile version