Site iconSite icon Janayugom Online

അമേരിക്കൻ പൗരന്മാരെ ലക്ഷ്യം വച്ച് സൈബർ തട്ടിപ്; കോൾ സെന്റർ പൂട്ടിച്ച് പൊലീസ്

അമേരിക്കൻ പൗരന്മാരെ ലക്ഷ്യം വച്ചുകൊണ്ട് സൈബർ തട്ടിപ്പുകൾ വഴി വൻതോതിൽ പണം തട്ടിയെടുത്ത കോൾ സെന്റർ പൊലീസ് പൂട്ടിച്ചു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് തട്ടിപ്പ് പുറത്തുവന്നത്. തട്ടിപ്പ് നടത്തിയ 33 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 28 പുരുഷന്മാരും അഞ്ച് സ്ത്രീകളും ഉൾപ്പെടും. ഇവരുടെ പക്കല്‍ നിന്നും 37 ലാപ്‌ടോപ്പുകളും 37 മൊബൈൽ ഫോണുകളും തട്ടിപ്പിനായി ഉപയോഗിച്ച സോഫ്റ്റവെയര്‍ അടങ്ങിയ സിസ്റ്റങ്ങളും പൊലീസ് പിടിച്ചെടുത്തു.

ഇവര്‍ അമേരിക്കൻ പൗരന്മാരോട് എങ്ങനെ സംസാരിക്കാമെന്നും പണം പങ്കുവെക്കുന്നതിനായി അവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും രേഖാമൂലമുള്ള സ്ക്രിപ്റ്റുകൾ ഉപയോഗിച്ച് ഓപ്പറേറ്റർമാർക്ക് പരിശീലനം നൽകി. റാക്കറ്റിന് പിന്നിലെ മുഖ്യസൂത്രധാരന്മാർ ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. അവരെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തട്ടിപ്പിന് ഇരയായ അമേരിക്കൻ പൗരന്മാരെ ബന്ധപ്പെടുന്നതിനും അവരുടെ മൊഴി രേഖപ്പെടുത്തുന്നതിനും സിബിഐ, ഇന്റർപോൾ എന്നിവരുടെ സഹായം തേടുമെന്നും കൂട്ടിചേര്‍ത്തു.

Exit mobile version