Site iconSite icon Janayugom Online

ഓൺലൈൻ ഗെയിം ‘റെഡി അണ്ണ’ ഉപയോഗിച്ച് 84 കോടിയുടെ സൈബർത്തട്ടിപ്പ്; 12 പേർ അറസ്റ്റിൽ, രാജ്യത്താകെ 393 കേസുകൾ

നിരോധിത ഓൺലൈൻ ഗെയിം ആപ്പായ ‘റെഡി അണ്ണ’ ഉപയോഗിച്ച് 84 കോടി രൂപയുടെ സൈബർത്തട്ടിപ്പ്‌ നടത്തിയ പന്ത്രണ്ടംഗസംഘത്തെ നവിമുബൈ പൊലീസിന്റെ സൈബർവിഭാഗം അറസ്റ്റുചെയ്തു. രാജ്യത്താകമാനം 393 സൈബർത്തട്ടിപ്പുകളാണ് സംഘം നടത്തിയത്.

5000 രൂപ കമ്മിഷൻ നൽകി ആൾക്കാരെക്കൊണ്ട് ബാങ്ക് അക്കൗണ്ട് തുടങ്ങിപ്പിച്ചാണ് തട്ടിപ്പിന് തുടക്കം. പിന്നീട് ഈ അക്കൗണ്ടുകൾ വഴി ഓൺലൈൻ ചൂതാട്ടം, ഓഹരിത്തട്ടിപ്പ്, തൊഴിൽതട്ടിപ്പ് എന്നിവ നടത്തുകയായിരുന്നു സംഘം.

അക്കൗണ്ട്‌ തുടങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്ന നെരൂൾ സെക്ടർ 18‑ലെ ഉസ്മാൻ മിൻസാ ഷെയ്ഖ് എന്നയാളെ ഒക്ടോബർ 14‑ന് സിബിഡി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പിടികൂടിയതോടെയാണ് സൈബർത്തട്ടിപ്പിന്റെ ചരുളഴിഞ്ഞത്. എഴുപതോളം ബാങ്ക് അക്കൗണ്ടുകൾ ഇയാൾ തുറന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പാസ്‌ബുക്ക്, ചെക്ക് ബുക്ക് എന്നിവ ഡോംബിവിലിയിലെ ഹാരിസ് എന്നയാൾക്ക് ഇയാൾ പോർട്ടർ വഴി അയച്ചുകൊടുത്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിനെത്തുടർന്നാണ് സംഘത്തിലെ മറ്റുള്ളവർ അറസ്റ്റിലായത്. പിടിയിലായവരിൽനിന്ന് 52 ഫോണുകൾ, ഏഴ് ലാപ്‌ടോപ്, 99 ഡെബിറ്റ്കാർഡുകൾ, 64 പാസ്ബുക്കുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ അജയ് കുമാർ ലാൻണ്ടെയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Exit mobile version