Site icon Janayugom Online

സാഹിത്യത്തിലും സൈബര്‍: കഥയിലും നോവലിലുമെല്ലാം നിറഞ്ഞിരിക്കുന്നു

ലയാളത്തില്‍ ഇന്ന് സൈബര്‍ സാഹിത്യം വളരെ സജീവമാണ്. ഇന്റര്‍നെറ്റിലെ പ്രസിദ്ധീകരണ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സാഹിത്യരചനകളെ പൊതുവെ സൈബര്‍ സാഹിത്യം എന്ന് പറയാറുണ്ട്. ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാള നോവല്‍ ഏറ്റുമാനൂര്‍ ശിവകുമാറിന്റെ “ദേവദുന്ദുദി” എന്ന ജനപ്രിയ മാന്ത്രിക നോവലാണ്.
ഇന്റര്‍നെറ്റിലെ വിവിധ പ്രസിദ്ധീകരണ ഇടങ്ങള്‍ സന്ദര്‍ശിച്ച് കൂട്ടുകാര്‍ക്ക് ഇത്തരം രചനകളെ അടുത്തറിയാന്‍ കഴിയും. ഇന്റര്‍നെറ്റില്‍ ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന കഥയും കവിതയും നോവലും നിരൂപണങ്ങളും മാത്രമല്ല സൈബര്‍ സാഹിത്യം എന്ന് പറയുന്നത്. കമ്പ്യൂട്ടര്‍ ഉള്‍പ്പെടുന്ന വിവരവിനിമയ സാങ്കേതികവിദ്യ പ്രകടമായി പ്രത്യക്ഷപ്പെടുന്ന കഥയും കവിതയും നോവലുമെല്ലാം കൂട്ടുകാര്‍ വായിക്കാറുണ്ടല്ലോ? നമ്മുടെ ചുറ്റുമുള്ള പ്രകൃതിയും, സാങ്കേതികവിദ്യയും, മനുഷ്യനുമെല്ലാം സമന്വയിക്കുന്ന അന്തരീക്ഷമാണ് ഇവിടെ കാണാന്‍ കഴിയുക.
കഥാകൃത്ത് സേതു എഴുതിയ “അടയാളവാക്യങ്ങള്‍” എന്ന കഥ നമുക്ക് പരിചയപ്പെടാം. നാട്ടുമ്പുറത്തുകാരനായ കമലാക്ഷന്‍ നായര്‍ എന്ന അധ്യാപകന്‍ വിദേശത്തുള്ള മകനുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ ഇ‑മെയില്‍ വിലാസം ഉണ്ടാക്കാന്‍ ഇന്റര്‍നെറ്റ് കഫെയില്‍ എത്തുന്നു. പിന്നീട് മാഷ് 99@ ഹോട്ട്മെയില്‍.കോം എന്ന വിലാസം അദ്ദേഹം സ്വീകരിക്കുന്നു. നമ്മളൊക്കെ പരമ്പരാഗതമായി ഉപയോഗിക്കുന്ന തപാലിനെ ഈ കഥയില്‍ കളിയാക്കുന്നുണ്ട്. ഒച്ചിനെപ്പോലെ ഇഴയുന്നു എന്ന അര്‍ത്ഥത്തില്‍ ഒച്ച് തപാല്‍ എന്നാണ് മകന്‍ വിളിക്കുന്നത്.
ചന്ദ്രമതിയുടെ “വെബ്സൈറ്റ്” എന്ന കഥയിലും പഴയ തലമുറയെ സൂചിപ്പിക്കാന്‍ ഇതേ പ്രയോഗം നടത്തുന്നുണ്ട്. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെടുന്ന രണ്ട് വ്യക്തികളുടെ സൗഹൃദത്തെ അടിസ്ഥാനമാക്കിയുള്ളതാണ് വെബ്സൈറ്റ് എന്ന കഥ. കഥ പറയുന്നതിനുവേണ്ടി സാങ്കേതികവിദ്യയെക്കൂടി ഉപയോഗപ്പെടുത്തുകയാണിവിടെ. കഥയിലും കവിതയിലും നോവലിലുമെല്ലാം വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പദങ്ങളും പ്രയോഗങ്ങളും വ്യാപകമായിട്ടുണ്ട്. കാലത്തിന്റെ മാറ്റം നമ്മുടെ സാഹിത്യസൃഷ്ടികളിലും പ്രകടമാകുന്നതിന്റെ മികച്ച ഉദാഹരണമാണ് സൈബര്‍ സാഹിത്യം. ഇതെല്ലാം നമ്മുടെ വിരല്‍ത്തുമ്പില്‍ എളുപ്പത്തിലും അനായാസവും ലഭ്യമാകുന്നു എന്നതാണ് മറ്റൊരു കാര്യം.
(തുടരും)

Exit mobile version