ഗുജറാത്തില്‍ കനത്ത നാശം വിതച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്. കൊടുംകാറ്റില്‍ രണ്ടു പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്കു. ഗുജറാത്ത് തീരത്ത് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കി. 544 മരങ്ങളും ഇലക്ക്‌ട്രിക്ക് പോസ്റ്റുകളും കടപുഴകി വീണതോടെ 1000 ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി.
പലയിടത്തും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ഗുജറാത്ത് തീരത്ത് നിന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നുമായി 94,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ട്രെയിൻ ഗതാഗതത്തേയും ചുഴലിക്കാറ്റ് സാരമായി ബാധിച്ചിട്ടുണ്ട്. ബിപോര്‍ജോയ് നാശം വിതച്ച മേഖലകളില്‍ നിന്നുള്ള 99 ട്രെയിനുകളുടെ സര്‍വീസ് താല്‍കാലികമായി നിര്‍ത്തിവച്ചു. പ്രശസ്തമായ ദ്വാരകാദീശ ക്ഷേത്രം, സോമനാഥ ക്ഷേത്രം എന്നിവിടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടായിരുന്നു. ജാംനഗര്‍ വിമാനത്താവളത്തില്‍ നിന്നുമുള്ള യാത്രാവിമാനങ്ങളും റദ്ദാക്കിയിരുന്നു.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ 18 സംഘങ്ങളേയും സംസ്ഥാനദുരന്ത പ്രതികരണ സേനയുടെ 12 സംഘങ്ങളേയും സംസ്ഥാന റോഡ് കെട്ടിട വകുപ്പിലെ 115 സംഘങ്ങളേയും വൈദ്യുതി വകുപ്പിലെ 115 സംഘങ്ങളേയും തുറമുഖ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഗുജറാത്ത് തീരത്ത് ഇന്ന് വരെ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്.
10 ദിവസം മുന്‍പേ അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ ഗുജറാത്തിലെ ജക്കാവു തീരം തൊടുകയായിരുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിലയിരുത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി അദ്ദേഹം ടെലിഫോണ്‍ സംഭാഷണം നടത്തി.
അതിനിടെ ബിപോര്‍ജോയുടെ സ്വാധീനത്തില്‍ ഡല്‍ഹിയില്‍ ചെറിയ തോതില്‍ മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു. ഇതിനെതുടര്‍ന്ന് തലസ്ഥാന നഗരങ്ങളില്‍ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. തീവ്രതകുറഞ്ഞ് രാജസ്ഥാൻ തീരത്തേക്ക് നീങ്ങിയ ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് കാരണമായെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
english summary;Cyclone Biporjoy caused heavy damage in Gujarat
you may also like this video;