തീവ്രചുഴിലിക്കാറ്റ് മിഷോങ് ഇന്ന് കരതൊട്ടേക്കും. ഇന്ന് ഉച്ചയോടെ ആന്ധ്രാ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും കനത്ത മഴയാണ് തിങ്കളാഴ്ച പെയ്തത്, ഒഡീഷയിലേയും ജാർഖണ്ഡിലേയും പല ജില്ലകളിലും മഴ പെയ്തേക്കും.
ചെന്നൈയില്‍ കനത്ത മഴയിലും കാറ്റിലും അഞ്ച് പേര്‍ മരിച്ചു. ചെന്നൈ വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രാവിലെ 9 മണി വരെ അടച്ചിടും. 162 ദുരിത്വാശ്വാസ ക്യാമ്പുകള്‍ ചെന്നൈയിലെ വിവിധ പ്രദേശങ്ങളിലായി തുറന്നിട്ടുണ്ട്. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.
കനത്ത മഴയെ തുടർന്ന് വന്ദേഭാരത്ത് ഉൾപ്പെടെ 119 ട്രെയിനുകൾ റദ്ദാക്കി. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിന്യസിച്ചു. വടക്കൻ തമിഴ്നാട്ടിൽ കനത്ത മഴ തുടരുകയാണ്. ചെന്നൈ നഗരത്തിൽ മിക്കയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈകിട്ട് വരെ മഴ തുടരുമെന്ന് മുന്നറിയിപ്പിൽ പറയുന്നത്.
ആന്ധ്രപ്രദേശിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാണ് എന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ആവശ്യമെങ്കിൽ സഹായിക്കാൻ തങ്ങൾ കൂടുതൽ എൻഡിആർഎഫ് ജവാന്മാരെ സജ്ജമാക്കിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.
ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ റെയിൽവേ ഡിവിഷൻ തലത്തിലും ആസ്ഥാന തലത്തിലും എമർജൻസി കൺട്രോൾ സെൽ സ്ഥാപിച്ചിട്ടുണ്ട്.
ഒഡീഷയുടെ തെക്കൻ ജില്ലകളിൽ സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തകരെ വിന്യസിച്ചു. ഇവിടെ കാര്യമായ ആഘാതം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും മഴയുടെ തീവ്രത വർദ്ധിക്കാനുള്ള തീവ്രത കണക്കിലെടുത്താണ് മുൻകരുതൽ എടുക്കുന്നത്.
English Summary: Cyclone Michaung: Storm to make landfall in Andhra Pradesh today
You may also like this video