Site iconSite icon Janayugom Online

മോക്ക ചുഴലിക്കാറ്റ്: മ്യാന്മറില്‍ 41 മരണം

മ്യാന്‍മറില്‍ കനത്ത നാശം വിതച്ച മോക്ക ചുഴലിക്കാറ്റില്‍ മരണം 41 ആയി. നൂറുക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. നൂറിലധികം പേരെ കാണാതായ സാഹചര്യത്തില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ചുഴലിക്കാറ്റിനെ തുടർന്ന് റാഖൈൻ സംസ്ഥാനം ദുരന്തബാധിതമേഖലയായി പ്രഖ്യാപിച്ചു. 3.6 മീറ്റര്‍ വരെ ഇവിടെ കടല്‍നിരപ്പ് ഉയര്‍ന്നു. പ്രദേശത്ത് നിന്ന് ആയിരത്തിലേറെപേരെ ഒഴിപ്പിച്ചു. പല മേഖലകളിലും വെെദ്യുത‑വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. റോഹിങ്ക്യൻ സമുദായങ്ങളിൽ 22 പേർ മരിച്ചതായി താമസക്കാരെ ഉദ്ധരിച്ച് മ്യാൻമർ നൗ റിപ്പോര്‍ട്ട് ചെയ്തു. മ്യാന്മർ‑ബംഗ്ലാദേശ് തീരമേഖലയിലാണ് കാറ്റ് കനത്ത നാശം വിതകയ്ക്കുന്നത്. ബംഗ്ലാദേശില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോക്‌സ് ബസാറിൽനിന്ന്‌ മോക്ക ഒഴിവായി തുടങ്ങിയതിനെ തുടർന്ന് പ്രാദേശിക ഭരണകൂടം നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണ്‌. സെന്റ് മാർട്ടിൻ ദ്വീപിലും ടെക്‌നാഫിലും രണ്ടായിരത്തോളം വീടുകള്‍ തകർന്നതായും 10,000 വീടു‌കള്‍ക്ക് കേടുപാട്‌ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മിസോറാമില്‍ 230 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. 50 ഗ്രാമങ്ങളിലായി 6000 ത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. തെക്കുകിഴക്കന്‍ തീരപ്രദേശങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് മോക്ക ചുഴലിക്കാറ്റിനെതുടര്‍ന്നുണ്ടായത്. താഴ്ന്ന മേഖലകളില്‍ നിന്ന് അഞ്ച് ലക്ഷത്തിലധികം ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. ഒരു ദശാബ്ദത്തിനിടെ മ്യാന്മറില്‍ വീശിയടിച്ച ഏറ്റവും വലിയ ചുഴലിക്കാറ്റാണ് മോക്ക. കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുന്ന ചുഴലിക്കാറ്റായി മോക്ക പരിണമിച്ചിട്ടുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന വിവരം. ഇന്ത്യൻ സമുദ്രത്തിൽ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റായ മോക്ക,സമീപകാലത്തുണ്ടായ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണെന്ന് ഹാവായ്‌ ജോയിന്റ്‌ ടൈ­ഫൂൺ വാണിങ്‌ സെന്റർ വിലയിരുത്തി. മണിക്കൂറില്‍ 180 മുതല്‍ 210 കിലോമീറ്റര്‍ വരെയാണ് മോക്കയുടെ വേഗം.

eng­lish sum­ma­ry; Cyclone Mocha: 41 dead in Myanmar
you may also like this video;

Exit mobile version