Site iconSite icon Janayugom Online

കസ്റ്റഡിമരണം; ആറ് പൊലീസുകാര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ 25കാരന്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിനു പുറമെ എസ്‌സി, എസ്‌ടി നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോണ്‍സ്റ്റബിള്‍മാരായ മുനാഫ്, പൊന്‍രാജ്, ഹെഡ് കോണ്‍സ്റ്റബിള്‍ കുമാര്‍, ഹോം ഗാര്‍ഡ് ദീപക്, രണ്ട് ആംഡ് റിസേര്‍വ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്.

കഞ്ചാവ് സൂക്ഷിച്ചുവെന്നും പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് ഏപ്രില്‍ 18നാണ് വിഘ്‌നേഷിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടടുത്ത ദിവസം ചെന്നൈയിലെ സെക്രട്ടേറിയറ്റ് കോളനി പൊലീസ് സ്റ്റേഷനില്‍ വച്ച് യുവാവ് കൊല്ലപ്പെടുകയായിരുന്നു. വിഘ്‌നേഷിന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെ 13 പാടുകള്‍ ഉണ്ടായിരുന്നു. യുവാവിന്റെ തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

സിബി-സിഐഡി ആണ് കേസന്വേഷിക്കുന്നത്. കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തള്ളിയതിനെ തുടര്‍ന്ന് നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

കേസില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സമയന്‍സ് അയക്കുകയും ചെയ്തിട്ടുണ്ട്.

Eng­lish sum­ma­ry; Death in cus­tody; Six police­men arrested

You may also like this video;

Exit mobile version