Site iconSite icon Janayugom Online

പബ്ലിക് പ്രോസിക്യൂട്ടർക്ക് എതിരെ വധഭീഷണി

കൊലക്കേസ് പ്രതികളായ ഏഴുപേർക്ക് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച കേസിലെ പബ്ലിക് പ്രോസിക്യൂട്ടർക്ക് വധഭീഷണി. വെള്ളിയാഴ്ച വിധി പ്രഖ്യാപിച്ച തിരുവനന്തപുരം കാരയ്ക്കാമണ്ഡപം റഫീഖ് വധക്കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീന് നേരെയാണ് വധഭീഷണി ഉണ്ടായത്.

കേസിലെ നാലാം പ്രതി മാലിക്കിന്റെ ഭാര്യയുടെ പിതാവ് മെഹമൂദാണ് സലാഹുദ്ദീന്റെ വീടിനു മുന്നിലെത്തി വധഭീഷണി മുഴക്കിയത്. ഫോർട്ട് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് മെഹമൂദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് സംഭവം. അമ്പലത്തറയിലുള്ള വീടിന്റെ ഗേറ്റ് തുറന്ന് സലാഹുദ്ദീൻ പുറത്തേക്കിറങ്ങിയപ്പോഴാണ് വധഭീഷണി ഉണ്ടായത്. തുടർന്ന് പൊലീസില്‍ പരാതി അറിയിക്കുകയായിരുന്നു.

വെള്ളായണി സ്വദേശീയായ റഫീഖ് (24)നെ കാറ്റാടിക്കഴ കൊണ്ട് അടിച്ചുകൊന്ന കേസിലെ ഏഴ് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പ്രതികൾ ഓരോരുത്തരും ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണമെന്നായിരുന്നു നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധി.

സംഭവത്തില്‍ പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐഎഎൽ) സംസ്ഥാന പ്രസിഡന്റ് കെ പി ജയചന്ദ്രനും സെക്രട്ടറി സി ബി സ്വാമിനാഥനും ആവശ്യപ്പെട്ടു.

Eng­lish summary;Death threats against pub­lic prosecutors

You may also like this video;

Exit mobile version