Site iconSite icon Janayugom Online

ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ മകളെ അച്ഛന്‍ വെ ട്ടിക്കൊ ന്നു

ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ മകളെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. മൈസൂരു എച്ച്ഡി കോട്ട സ്വദേശിയായ ഗണേശ എന്നയാളാണ് 17‑കാരിയായ മകള്‍ പല്ലവിയെ വടിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ബെംഗളൂരു പരപ്പന അഗ്രഹാരയ്ക്ക് സമീപം നാഗനാഥപുര ഡോക്ടേഴ്‌സ് ലേഔട്ടില്‍ ശാന്തകുമാറിന്റെ വീട്ടില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ഗണേശയുടെ ആക്രമണത്തില്‍ ഭാര്യ ശാരദ, ഇവരുടെ സഹോദരീഭര്‍ത്താവ് ശാന്തകുമാര്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

പിയു വിദ്യാര്‍ത്ഥിനിയായ പല്ലവിയും എച്ച്ഡി കോട്ട സ്വദേശിയായ ദളിത് യുവാവും തമ്മില്‍ ഏറെനാളായി പ്രണയത്തിലായിരുന്നു. ഒരിക്കല്‍ ഇരുവരും ഒളിച്ചോടിയപ്പോള്‍ പൊലീസാണ് പെണ്‍കുട്ടിയെ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ചത്. ഇതോടെ ഗണേശ മകളെ ബെംഗളൂരുവിലുള്ള ഭാര്യാസഹോദരിയുടെ വീട്ടിലാക്കി. എന്നാല്‍, പല്ലവി ദിവസങ്ങള്‍ക്ക് മുന്‍പ് വീണ്ടും കാമുകനൊപ്പം ഒളിച്ചോടികയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയും തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു.

ഇതിനുപിന്നാലെയാണ് എച്ച്ഡി കോട്ടയില്‍നിന്ന് ബെംഗളൂരുവിലെത്തിയ ഗണേശ മകളെ വെട്ടിക്കൊന്നത്. മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോളാണ് ഭാര്യ ശാരദയെയും ഇയാള്‍ വെട്ടിയത്. സംഭവം ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാമുകന്റെ ജാതി കാരണമല്ല താന്‍ മകളെ ആക്രമിച്ചതെന്നാണ് പ്രതിയുടെയും മൊഴി. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാതെ പ്രണയവുമായി മുന്നോട്ടുപോയതാണ് ആക്രമണത്തിന് കാരണമായതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

Eng­lish Sum­ma­ry: Dad kills minor girl for elop­ing with Dalit boy in Bengaluru

You may also like this video

Exit mobile version