Site iconSite icon Janayugom Online

ദാദ്ര നഗർഹവേലി ലോക്‌സഭാ മണ്ഡലം; ബിജെപിക്കും പ്രഫുല്‍പട്ടേലിനും തിരിച്ചടി

ദാദ്ര നഗർഹവേലി ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ശിവസേനയുടെ കലാബെൻ ദേൽക്കറിന്റെ വിജയം അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന് തിരിച്ചടിയായി. പട്ടേലിനെതിരേ ആരോപണങ്ങളുന്നയിച്ച് ആത്മഹത്യചെയ്ത മുൻ എം.പി. മോഹൻ ദേൽക്കറിന്റെ ഭാര്യയാണ് കലാബെൻ. ബി.ജെ.പി.യുടെ മഹേഷ് ഗവിതിനെ അമ്പതിനായിരത്തിൽപ്പരം വോട്ടിനാണ് കലാബെൻ തോൽപ്പിച്ചത്. മഹാരാഷ്ട്രയ്ക്കുപുറത്തുനിന്ന് ശിവസേനയുടെ ലോക്‌സഭാ വിജയമെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ ഫെബ്രുവരി 22‑ന് മോഹൻ ദേൽക്കർ മുംബൈയിലെ ഹോട്ടലിൽ ആത്മഹത്യചെയ്തതിനെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. പ്രഫുൽ പട്ടേലും ഉദ്യോഗസ്ഥരും തന്നെ അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതായി കത്തെഴുതിവെച്ചാണ് മോഹൻ ജീവനൊടുക്കിയത്. 1989 മുതൽ ഏഴുതവണ ലോക്‌സഭാംഗമായിരുന്ന ആദിവാസി നേതാവുകൂടിയായ ഇദ്ദേഹത്തിന്റെ ആത്മഹത്യ വൻവിവാദമായി.

മുംബൈ മറൈൻഡ്രൈവ് പോലീസ് പ്രഫുൽ പട്ടേലടക്കം ഒമ്പതുപേർക്കെതിരേ കേസെടുത്തെങ്കിലും സാക്ഷിമൊഴി രേഖപ്പെടുത്തുകയേ ചെയ്തിട്ടുള്ളൂ. മോഹൻ ദേൽക്കർ 2019‑ൽ സ്വതന്ത്രനായാണ് വിജയിച്ചത്. ഇത്തവണ ശിവസേന കലാബെന്നിനെ സ്ഥാനാർഥിയാക്കുകയായിരുന്നു. രാഷ്ട്രീയസ്വാധീനം ഒഴിവാക്കാനായി പ്രഫുൽ പട്ടേലിനോട് തിരഞ്ഞെടുപ്പുകാലത്ത് മണ്ഡലത്തിൽനിന്ന് വിട്ടുനിൽക്കാൻ തിരഞ്ഞെടുപ്പുകമ്മിഷൻ നിർദേശിച്ചു. പ്രധാന ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, അശ്വിനി വൈഷ്ണോ, മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് തുടങ്ങി വൻനിരയെ ഇറക്കിയാണ് ബി.ജെ.പി. പ്രചാരണം നടത്തിയത്. ഗുജറാത്തിലെ മുൻ ആഭ്യന്തര സഹമന്ത്രികൂടിയായ പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ കേന്ദ്രഭരണപ്രദേശത്തുണ്ടായ വികസനമായിരുന്നു പ്രചാരണവിഷയം. എന്നാൽ, നിലവിലെ എം.പി.യുടെ മരണം തിരഞ്ഞെടുപ്പിലെ നിർണായകഘടകമായി മാറിയെന്നാണ്‌ തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്. സഞ്ജയ് റാവുത്തിന്റെ നേതൃത്വത്തിലുള്ള ശിവസേന പ്രചാരണത്തിന് ഇക്കാര്യത്തിൽ ബി.ജെ.പി.യെ പ്രതിസ്ഥാനത്ത് നിർത്താനും കഴിഞ്ഞു. കഴിഞ്ഞതവണ ഒമ്പതിനായിരം വോട്ടിന് ജയിച്ച മോഹൻ ദേൽക്കറെക്കാൾ ഭൂരിപക്ഷം നേടാനും കലാബെന്നിന് കഴിഞ്ഞു. ലക്ഷദ്വീപിന്റെ ചുമതലകൂടിയുള്ള പ്രഫുൽ പട്ടേലിന് വ്യക്തിപരമായും തിരിച്ചടിയാണ് ബി.ജെ.പി.യുടെ തോൽവി.കോൺഗ്രസും സ്ഥാനാർഥിയെ നിർത്തിയിരുന്നെങ്കിലും കാര്യമായ പ്രചാരണമൊന്നുമുണ്ടായിരുന്നില്ല. മണ്ഡലത്തിൽവരുന്ന രണ്ടുപഞ്ചായത്തുകളിലെ ഉപതിരഞ്ഞെടുപ്പുകളിലും ശിവസേന വിജയിച്ചിട്ടുണ്ട്.

 

Eng­lish Sum­ma­ry: Dadra Nagarhaveli Lok Sab­ha con­stituen­cy; A set­back for BJP and Pra­ful Patel

 

You may like this video also

Exit mobile version